ഇന്ത്യയെ താഴ്ത്തിക്കെട്ടാതെ 'പാകിസ്താന്‍ സിന്ദാബാദ്' എന്ന് പറയുന്നത് രാജ്യദ്രോഹമല്ല: ഹിമാചല്‍ പ്രദേശ് ഹൈക്കോടതി
ഷിംല: ഇന്ത്യയെ താഴ്ത്തിക്കെട്ടാതെ 'പാകിസ്താന്‍ സിന്ദാബാദ്' എന്നുപറയുന്നത് രാജ്യദ്രോഹക്കുറ്റമല്ലെന്ന് ഹിമാചല്‍ പ്രദേശ് ഹൈക്കോടതി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രത്തില്‍ പാകിസ്താന്‍ സിന്ദാബാദ് എന്നെഴുതിയതിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ സുലൈമാന്‍ എന്ന യുവാവിന് ജാമ്യം നല്‍കിയ വിധിയിലാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.
''മാതൃരാജ്യത്തെ മോശമാക്കാതെ ഒരു രാജ്യത്തെ ആദരിക്കുന്നത് രാജ്യദ്രോഹക്കുറ്റമല്ല, കാരണം അത് സായുധ കലാപത്തിന് പ്രേരിപ്പിക്കുന്നില്ല, അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നില്ല, വിഘടനവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല. അതിനാല്‍, പ്രഥമദൃഷ്ട്യാ, ഹരജിക്കാരന്‍ കുറ്റം ചെയ്തതായി തോന്നുന്നില്ല.''-കോടതി പറഞ്ഞു.
സുലൈമാന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് മേയ് മാസത്തിലാണ് സിര്‍മൂര്‍ ജില്ലയിലെ പോണ്ട സാഹിബ് പോലിസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. കേസെടുത്തത് അറിഞ്ഞ സുലൈമാന്‍ പോലിസില്‍ കീഴടങ്ങി. കേസില്‍ കുറ്റപത്രം നല്‍കിയെന്നും അതിനാല്‍ ജാമ്യം വേണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഈ പോസ്റ്റ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം മോശമാക്കിയെന്ന് പോലിസ് വാദിച്ചു. കേസില്‍ കുറ്റപത്രം നല്‍കിക്കഴിഞ്ഞതിനാല്‍ ആരോപണ വിധേയനെ ജയിലില്‍ ഇടുന്നത് കൊണ്ട് കാര്യമില്ലെന്ന് കോടതിയും പറഞ്ഞു. തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.
