ലൈംഗിക ഉദ്ദേശമില്ലാതെ 'ഐ ലവ് യു' പറഞ്ഞത് പോക്‌സോ പ്രകാരം പീഡനമല്ല: ഛത്തീസ്ഗഡ് ഹൈക്കോടതി
റായ്പൂര്‍: ലൈംഗിക ഉദ്ദേശമില്ലാതെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് 'ഐ ലവ് യു' പറഞ്ഞത് പോക്‌സോ നിയമപ്രകാരം ലൈംഗികപീഡനമല്ലെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. പതിനഞ്ചുകാരിയോട് പ്രണയം പറഞ്ഞതിന് പീഡനക്കേസില്‍ പ്രതിയാക്കപ്പെട്ട രൂപേന്ദ്ര ദാസ് മാണിക്പുരി എന്നയാളെ വെറുതെവിട്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിയുടെ മൊഴിയും പെണ്‍കുട്ടിയുടെ മൊഴിയും സുഹൃത്തുക്കളുടെ മൊഴിയും വിശദമായി പരിശോധിച്ചിട്ടും ലൈംഗിക ഉദ്ദേശം കണ്ടെത്താനായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ലൈംഗികപീഡനമെന്നാല്‍ എന്തെന്ന് പോക്‌സോ നിയമത്തിലെ ഏഴാം വകുപ്പില്‍ പറഞ്ഞിട്ടുണ്ട്. രൂപേന്ദ്രദാസിന്റെ പ്രവൃത്തികള്‍ അതില്‍ ഉള്‍പ്പെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.
സ്‌കൂള്‍ വിട്ടുവരുകയായിരുന്ന പെണ്‍കുട്ടിയോട് ഐ ലവ് യു എന്നു പറഞ്ഞുവെന്നാണ് പ്രതിക്കെതിരായ ആരോപണം. പക്ഷേ, കേസില്‍ വിചാരണക്കോടതി വെറുതെവിട്ടു. ഈ വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.