യെമനിലെ വിഘടനവാദി നേതാവ് യുഎഇയില്‍ അഭയം തേടി

Update: 2026-01-08 05:57 GMT

ഏദന്‍: തെക്കന്‍ യെമനെ സ്വതന്ത്രരാജ്യമാക്കി മാറ്റണമെന്ന് ആവശ്യപ്പെടുന്ന എസ്ടിസി സംഘടനയുടെ നേതാവ് ഐദറുസ് അല്‍ സുബൈദി യുഎഇയില്‍ അഭയം തേടി. സൗദിയിലെ റിയാദില്‍ നടക്കുന്ന സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കാതെയാണ് അല്‍ സുബൈദി പാതിരാത്രി യുഎഇയിലേക്ക് പോയത്. ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ നിന്നും വേര്‍പിരിഞ്ഞു നില്‍ക്കുന്ന സൊമാലിലാന്‍ഡിലെ ബെര്‍ബെറയിലേക്ക് കപ്പലില്‍ പോയ ശേഷമാണ് സുബൈദി യുഎഇയിലേക്ക് കടന്നത്. ഇയാള്‍ സഞ്ചരിച്ച വിമാനം ഇപ്പോള്‍ അബൂദബിയിലെ അല്‍ റീഫ് സൈനിക താവളത്തിലാണുള്ളത്.

അല്‍ സുബൈദിയുടെ നേതൃത്വത്തിലുള്ള എസ്ടിസി ആദ്യകാലത്ത് സൗദി സഖ്യത്തിന്റെ ഭാഗമായ യെമന്‍ സര്‍ക്കാരിനാണ് പിന്തുണ നല്‍കിയിരുന്നത്. എന്നാല്‍, ഡിസംബറില്‍ അവര്‍ സൗദി സഖ്യസേനയെ ആക്രമിച്ചു. തുടര്‍ന്ന് ഹദ്രമൗത്ത്, മഹ്‌റ തുടങ്ങിയ പ്രദേശങ്ങള്‍ പിടിച്ചെടുത്തു. ഇതിന് പിന്നാലെ എസ്ടിസി കേന്ദ്രങ്ങളില്‍ സൗദി വ്യോമസേന ആക്രമണം നടത്തി. എസ്ടിസിക്ക് യുഎഇ എത്തിച്ച് നല്‍കിയ വാഹനങ്ങളാണ് തകര്‍ത്തത്. തൊട്ടടുത്ത ദിവസം തന്നെ യെമനിലെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായി യുഎഇ പ്രഖ്യാപിച്ചു. അതിന് പിന്നാലെ സൗദി സഖ്യം ഹദ്രമൗത്തും മഹ്‌റയും പിടിച്ചെടുക്കാന്‍ നീക്കം നടത്തി. ഇതിന്റെ ഭാഗമായാണ് സൗദിയില്‍ സമാധാന ചര്‍ച്ച നടക്കാനിരുന്നത്. ഈ ചര്‍ച്ചയില്‍ പങ്കെടുക്കാതെയാണ് അല്‍ സുബൈദി യുഎഇയിലേക്ക് പോയത്. രാജ്യദ്രോഹക്കുറ്റം ചെയ്തതിനാല്‍ അല്‍ സുബൈദിയെ നേതൃ സമിതിയില്‍ നിന്ന് നീക്കം ചെയ്തതായി ഏദന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യെമന്‍ സര്‍ക്കാരിന്റെ തലവന്‍ റഷാദ് അല്‍ അലീമി അറിയിച്ചു. വിഷയത്തില്‍ സന്‍ആ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്‍സാറുല്ലയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.