റിയാദ്: സൗദി ഗ്രാന്‍ഡ് മുഫ്തി ശെയ്ഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ അല്‍ ശെയ്ഖ് അന്തരിച്ചു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചതെന്ന് റോയല്‍ കോര്‍ട്ട് അറിയിച്ചു. ഗ്രാന്‍ഡ് മുഫ്തിയുടെ മരണത്തോടെ ശാസ്ത്രം, ഇസ്‌ലാം, മുസ്‌ലിംകള്‍ എന്നിവയ്ക്ക് ഗണ്യമായ സംഭാവനകള്‍ നല്‍കിയ വിശിഷ്ട പണ്ഡിതനെയാണ് നഷ്ടമായതെന്ന് റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ പറഞ്ഞു. സല്‍മാന്‍ രാജാവും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും മരണത്തില്‍ അനുശോചിച്ചു. മുതിര്‍ന്ന പണ്ഡിതരുടെ കൗണ്‍സിലിന്റെ പ്രസിഡന്റ് കൂടിയായ ശെയ്ഖ് അബ്ദുല്‍ അസീസിന്റെ മരണാനന്തര പ്രാര്‍ത്ഥനകള്‍ റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല പള്ളിയില്‍ വൈകീട്ട് നടക്കും. ഉച്ചകഴിഞ്ഞുള്ള പ്രാര്‍ത്ഥനങ്ങള്‍ക്ക് ശേഷം മക്കയിലും മദീനയിലും മയ്യത്ത് നമസ്‌കാരം നടക്കുമെന്ന് സല്‍മാന്‍ രാജാവ് അറിയിച്ചു.