മലപ്പുറം സ്വദേശിയെ വെട്ടിക്കൊന്ന സൗദി പൗരന്‍ അടക്കം രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി

Update: 2025-02-08 15:17 GMT

റിയാദ്: മലപ്പുറം പരപ്പനങ്ങാടി സ്വദേശി അങ്ങമ്മന്റെപുരക്കല്‍ സിദ്ദിഖിനെ വെട്ടിക്കൊന്ന കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കി സൗദിസര്‍ക്കാര്‍. സൗദി പൗരനായ റയാന്‍ ബിന്‍ ഹുസൈന്‍ ബിന്‍ സാദ് അല്‍ഷഹ്‌റാനി, യെമന്‍ പൗരനായ അബ്ദുല്ല അഹമ്മദ് ബസദ് എന്നിവര്‍ക്ക് കോടതി വിധിച്ച ശിക്ഷയാണ് നടപ്പാക്കിയതെന്ന് റിയാദ് മേഖല ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

2017ലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ റിപോര്‍ട്ട് പറയുന്നു. റിയാദ് അസീസിയ എക്‌സിറ്റ് 22 ലെ ഒരു ഗ്രോസറിയില്‍ 20 വര്‍ഷമായി ജോലിയെടുക്കുകയായിരുന്നു സിദ്ദീഖ്. മോഷണത്തിന്റെ ഭാഗമായി കടയില്‍ അതിക്രമിച്ചുകയറിയ രണ്ടു പ്രതികളും സിദ്ദീഖിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിദ്ദീഖിനെ റെഡ് ക്രസന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

കടയില്‍ കയറിയ രണ്ടുപേര്‍ തലയ്ക്കും കൈകാലുകളിലും വെട്ടിയതായി സിദ്ദീഖ് പോലിസിന് മരണമൊഴി നല്‍കിയിരുന്നു. കടയില്‍ നിന്നും പുറത്തിറങ്ങിയ രണ്ടു പേര്‍ കാറില്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലിസ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് പ്രതികളെ പിടികൂടുകയും വിചാരണ നടത്തുകയുമായിരുന്നു. റിയാദ് ക്രിമിനല്‍ കോടതി ഇരുവര്‍ക്കും വധശിക്ഷ വിധിച്ചു. ഈ വിധി അപ്പീലില്‍ സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്നാണ് ശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചത്.