സന്‍ആയിലെ ഹുതി സൈനിക താവളത്തില്‍ വ്യോമാക്രമണം നടത്തിയതായി സൗദി പിന്തുണയുള്ള സഖ്യ സേന

സൗദി അറേബ്യയുടെ ചെങ്കടല്‍ പ്രദേശത്തെ ജിസാനില്‍ ഹൂത്തികളുടെ ആളില്ലാ സായുധവിമാനം ആക്രണം നടത്തിയതിന് തിരിച്ചടിയായാണ് സന്‍ ആയിലെ ഹുതി സൈനിക താവളം ആക്രമിച്ചതെന്ന് സൗദി വാര്‍ത്താ ചാനല്‍ പറഞ്ഞു

Update: 2021-12-23 14:53 GMT

സന്‍ആ: യമന്‍ തലസ്ഥാനമായ സന്‍ആയിലെ ഹുതി സൈനിക താവളത്തിനു നേരെ വ്യോമാക്രമണം നടത്തിയതായി സൗദി പിന്തുണയുള്ള സഖ്യ സേന അവകാശപ്പെട്ടു. ആക്രമണത്തില്‍ ഹൂതികളുടെ ഏഴ് ഡ്രോണുകളും ആയുധ ശാലയും തകര്‍ത്തതായി സൗദി വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഹുതികളുടെ അധീനതയിലുള്ള സന്‍ആയിലെ ഒരു ആശുപത്രിയിലും ജയിലിലുമാണ് സൗദി സഖ്യ സേനയുടെ ആക്രമണമുണ്ടായതെന്ന് ഹൂതി സൈനിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. സൗദി അറേബ്യയുടെ ചെങ്കടല്‍ പ്രദേശത്തെ ജിസാനില്‍ ഹൂത്തികളുടെ ആളില്ലാ സായുധവിമാനം ആക്രണം നടത്തിയതിന് തിരിച്ചടിയായാണ് സന്‍ ആയിലെ ഹുതി സൈനിക താവളം ആക്രമിച്ചതെന്ന് സൗദി വാര്‍ത്താ ചാനല്‍ പറഞ്ഞു.

 3000 ത്തില്‍ പരം സൗദി സഖ്യ സേനാംഗങ്ങളെ തടവില്‍ പാര്‍പ്പിച്ച ജയിലിനു നേരെയാണ് ആക്രമണമുണ്ടായതെന്ന് ഹൂതികള്‍ പറയുന്നു. വിവിധ സംഘടന്നങ്ങള്‍ക്കിടെ ഹൂതികള്‍ പിടികൂടി തടവില്‍ പാര്‍പ്പിച്ച സഖ്യം സൈനികരാണിവര്‍. ഇവക്കിടയില്‍ കടുത്ത ഭീതി പരത്താന്‍ ആക്രമണം വഴിവച്ചിട്ടുണ്ടെന്ന് ഹൂതി കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. 2014ല്‍ യമന്‍ തലസ്ഥാനമായ സന്‍ആ ഹൂതികള്‍ പിടിച്ചടക്കിയതോടെയാണ് രാജ്യം അശാന്തമായത്. തുടര്‍ന്ന സൗദി പിന്തുണയോടെ സര്‍ക്കാര്‍ സേന ഇവര്‍ക്കരെതിരേ ആക്രമണം ആരംഭിക്കുകയായിരുന്നു. അഭ്യന്തര സംഘര്‍ഷത്തിനിടെ 4 ലക്ഷത്തോളം ആളുകള്‍ ഇവിടെ കൊല്ലപ്പെട്ടു. രാജ്യം പരിപൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്.

Tags: