ഹജ്ജ് പെര്‍മിറ്റില്ലാത്ത 269,678 തീര്‍ത്ഥാടകര്‍ മക്കയില്‍ പ്രവേശിക്കുന്നത് തടഞ്ഞു

Update: 2025-06-02 04:18 GMT

റിയാദ്: ഹജ്ജ് പെര്‍മിറ്റില്ലാതെ മക്കയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച 2,69,678 തീര്‍ത്ഥാടകരെ തടഞ്ഞെന്ന് സൗദി അറേബ്യ. നിയമവിരുദ്ധമായ വഴികളിലൂടെ മക്കയില്‍ കടക്കാന്‍ ശ്രമിച്ചവരെയാണ് തടഞ്ഞതെന്ന് അധികൃതര്‍ അറിയിച്ചു. മക്ക നഗരത്തിന്റെ ചുറ്റുവട്ടത്ത് താമസിക്കുന്നവര്‍ക്കും ഇളവ് നല്‍കിയിട്ടില്ല. കഴിഞ്ഞ തവണ കൊടുംചൂടില്‍ മരിച്ചവരില്‍ ഭൂരിഭാഗവും നിയമവിരുദ്ധമായ വഴികളിലൂടെ മക്കയില്‍ എത്തിയവരാണ് എന്നും സൗദി സര്‍ക്കാര്‍ പറയുന്നു. നിലവില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഏകദേശം 14 ലക്ഷം മുസ്‌ലിംകള്‍ മക്കയില്‍ എത്തിയിട്ടുണ്ട്.

പെര്‍മിറ്റില്ലാതെ ഹജ്ജിന് ശ്രമിക്കുന്നവരില്‍ നിന്ന് 20,000 റിയാല്‍ വരെ പിഴ ഈടാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കൂടാതെ നാടുകടത്തല്‍ നടപടികളും നേരിടേണ്ടി വരാം. ഹജ്ജ് ചട്ടങ്ങള്‍ ലംഘിച്ച 23,000 സൗദി പൗരന്‍മാര്‍ക്കെതിരെയും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. 400 ഹജ്ജ് കമ്പനികളുടെ ലെസന്‍സും റദ്ദാക്കി.