ബെഞ്ചമിന്‍ നെതന്യാഹുവിനെതിരേ സൗദി അറേബ്യ; ഫലസ്തീനികളുടെ അവകാശം എടുത്തുകളയാന്‍ ആര്‍ക്കും സാധിക്കില്ല

Update: 2025-02-09 07:01 GMT

റിയാദ്: ഫലസ്തീനികളെ ഗസയില്‍ നിന്നും കുടിയൊഴിപ്പിക്കണമെന്ന ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവനയെ അപലപിച്ച് സൗദി അറേബ്യ. സ്വന്തം മണ്ണില്‍ ജീവിക്കാനുള്ള ഫലസ്തീനികളുടെ അവകാശം എടുത്തുകളയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ദ്വിരാഷ്ട്ര പരിഹാരത്തിലൂടെയല്ലാതെ ശാശ്വതസമാധാനം കൈവരിക്കാനാവില്ലെന്നും സൗദി വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന പറയുന്നു.

ഫലസ്തീനികള്‍ക്ക് സ്വന്തം ഭൂമിയോടുള്ള ബന്ധം തീവ്രവാദപരവും അധിനിവേശപരവുമായ മാനസികാവസ്ഥയുള്ളവര്‍ക്ക് മനസിലാവില്ല. സ്വന്തം മണ്ണിനോട് ഫലസ്തീന്‍ ജനതക്കുള്ള വൈകാരികവും ചരിത്രപരവും നിയമപരവുമായ ബന്ധവും അവര്‍ മനസിലാക്കുന്നില്ല. യാതൊരു മാനുഷിക വികാരങ്ങളും ധാര്‍മിക ഉത്തരവാദിത്തവുമില്ലാതെ സ്ത്രീകളും കുട്ടികളും അടക്കം 1,60,000 പേരെ കൊല്ലുകയും പരിക്കേല്‍പ്പിക്കുകയും ഗസ മുനമ്പ് തകര്‍ക്കുകയും ചെയ്തവര്‍ ഫലസ്തീനികള്‍ ജീവിക്കാന്‍ അര്‍ഹരല്ല എന്നു കരുതുന്നു എന്നതാണ് ഒന്നാമത്തെ കാര്യം.

ഫലസ്തീന്‍ ജനതയ്ക്ക് സ്വന്തം ഭൂമിയില്‍ അവകാശമുണ്ടെന്നും അവര്‍ ക്രൂരമായ ഇസ്രായേലി അധിനിവേശം ആഗ്രഹിക്കുമ്പോഴെല്ലാം പുറത്താക്കാവുന്ന നുഴഞ്ഞുകയറ്റക്കാരോ കുടിയേറ്റക്കാരോ അല്ലെന്നുമാണ് സൗദിയുടെ നിലപാട്. സമാധാനപരമായ സഹവര്‍ത്തിത്വം നിരസിച്ചും അറബ് രാജ്യങ്ങള്‍ മുന്നോട്ടുവെച്ച സമാധാന ഫോര്‍മുലകള്‍ നിരസിച്ചും 75 വര്‍ഷത്തിലേറെയായി ഫലസ്തീന്‍ ജനതയോട് ആസൂത്രിതമായി അനീതി ചെയ്തവരാണ് ഇത്തരം പ്രസ്താവനകളെ പിന്തുണയ്ക്കുന്നത്.

ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവനയെ എതിര്‍ക്കുകയും അപലപിക്കുകയും ചെയ്ത സഹോദരരാജ്യങ്ങളെ അഭിനന്ദിക്കുകയാണെന്നും സൗദിയുടെ പ്രസ്താവന പറയുന്നു. ഫലസ്തീന്‍ പ്രശ്‌നത്തെ കേന്ദ്രബിന്ദുവായി വെക്കുന്ന അറബ്-മുസ്‌ലിം രാജ്യങ്ങളെയും സൗദി അഭിനന്ദിച്ചു. ഗസയിലെ ഫലസ്തീനി സഹോദരങ്ങള്‍ക്കെതിരെ അധിനിവേശ ശക്തി നടത്തുന്ന കുറ്റകൃത്യങ്ങളില്‍ നിന്നും വംശഹത്യയില്‍ ലോകത്തിന്റെ ശ്രദ്ധ തിരിച്ചുവിടാനുള്ളതാണ് ഇത്തരം പ്രസ്താവനകളെന്നും സൗദി ചൂണ്ടിക്കാട്ടി.