ശിക്ഷ മരവിപ്പിക്കണമെന്ന സഞ്ജീവ് ഭട്ടിന്റെ ആവശ്യം തള്ളി

Update: 2025-12-11 14:31 GMT

ന്യൂഡല്‍ഹി: വ്യാജ മയക്കുമരുന്നു കേസിലെ ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് നല്‍കിയ അപേക്ഷ സുപ്രിംകോടതി തള്ളി. 1996ല്‍ നടന്നുവെന്ന് പറയുന്ന സംഭവത്തില്‍ 2018ലാണ് സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. 2024ല്‍ 20 വര്‍ഷം തടവിന് ശിക്ഷിച്ചു. കേസില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും ശിക്ഷ മരവിപ്പിക്കണമെന്നുമാവശ്യപ്പെട്ടാണ് സഞ്ജീവ് ഭട്ട് സുപ്രിംകോടതിയെ സമീപിച്ചത്. എന്നാല്‍, കേസില്‍ പകുതി ശിക്ഷ അനുഭവിക്കാതെ ശിക്ഷ മരവിപ്പിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ ജെ കെ മഹേശ്വരിയും വിജയ് ബിഷ്‌ണോയും അടങ്ങിയ ബെഞ്ച് പറഞ്ഞു. നിലവില്‍ ഈ കേസില്‍ ഏഴുവര്‍ഷവും മൂന്നുമാസവുമാണ് ഭട്ട് ശിക്ഷ അനുഭവിച്ചിരിക്കുന്നത്.

രാജസ്ഥാനിലെ ബിസിനസുകാരനായ സുമേര്‍ സിങ് രാജ്പുരോഹിത് എന്നയാള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ 1.5 കിലോഗ്രാം കറുപ്പ് കൊണ്ടുവച്ച് അയാളെ കേസില്‍ പ്രതിയാക്കിയെന്നാണ് ഈ കേസിലെ ആരോപണം. സംഭവസമയത്ത് ഭട്ട് എസ്പിയായിരുന്നു. പാലന്‍പൂര്‍ ക്രൈംബ്രാഞ്ച് യൂണിറ്റിലെ ഇന്‍സ്‌പെക്ടറായ ഐ ബി വ്യാസും കൂട്ടുപ്രതിയായിരുന്നു. 2021ല്‍ വ്യാസ് മാപ്പുസാക്ഷിയായി. മാപ്പുസാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ 2024 മാര്‍ച്ചില്‍ ബാണസ്‌കന്ദ കോടതി ഭട്ടിനെ 20 വര്‍ഷം തടവിന് ശിക്ഷിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്രഭുദാസ് വൈഷ്ണന്‍ എന്നയാളെ കസ്റ്റഡിയില്‍ കൊലപ്പെടുത്തിയെന്ന കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന സമയത്താണ് ഈ കേസിലും ശിക്ഷ വന്നത്. 2002ലെ ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്രമോദിയ്ക്ക് പങ്കുണ്ടെന്ന് സുപ്രിംകോടതിയില്‍ റിപോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് ഭട്ടിനെതിരെ ഭരണകൂട ഭീകരത ആരംഭിക്കുന്നത്.