സഞ്ചോലി പള്ളി: ഹിമാചല്‍ വഖ്ഫ് ബോര്‍ഡ് ഹൈക്കോടതിയില്‍; ആയുധപൂജ നടത്തി ഹിന്ദുത്വര്‍

Update: 2025-11-29 11:46 GMT

ഷിംല: ഹിമാചല്‍ പ്രദേശിലെ ഷിംലയിലെ സഞ്ചോലി പള്ളി നിയമവിരുദ്ധമാണെന്ന ജില്ലാകോടതി വിധിക്കെതിരേ വഖ്ഫ് ബോര്‍ഡ് ഹൈക്കോടതിയെ സമീപിച്ചു. പള്ളിക്കെതിരെ മുന്‍സിപ്പല്‍ കമ്മീഷണര്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യമുണ്ട്. ഹരജി തിങ്കളാഴ്ച കോടതി പരിഗണിക്കും. അതേസമയം, ഡിസംബര്‍ 30നകം പള്ളി സീല്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കി. ദേവ ഭൂമി സംഘര്‍ഷ സമിതി എന്ന പേരിലാണ് സമരസമിതി പ്രവര്‍ത്തിക്കുന്നത്. കൂടാതെ പ്രദേശത്തെ മുസ്‌ലിം കടകള്‍ക്കെതിരെ ഹിന്ദുത്വര്‍ ബഹിഷ്‌കരണവും നടത്തുന്നു. കഴിഞ്ഞ ദിവസം സമരം നടക്കുന്ന സ്ഥലത്ത് ആയുധ പൂജയും നടത്തി. 1940ല്‍ വഖ്ഫ് ചെയ്യപ്പെട്ട ഭൂമിയിലാണ് മസ്ജിദ് പ്രവര്‍ത്തിക്കുന്നത്. 1954ലെ സര്‍ക്കാര്‍ രേഖകള്‍ പ്രകാരവും ഈ ഭൂമി വഖ്ഫാണ്. കഴിഞ്ഞ ബിജെപി സര്‍ക്കാരിന്റെ കാലത്ത് പള്ളിക്ക് 12 ലക്ഷം രൂപയും നല്‍കിയിരുന്നു. എന്നാല്‍, അല്‍പ്പകാലം മുമ്പ് പള്ളി നിയമവിരുദ്ധമാണെന്ന് ഒരു വിഭാഗം ഹിന്ദുത്വര്‍ ആരോപിച്ചു. 2024 സെപ്റ്റംബറില്‍ ഹിന്ദുത്വര്‍ കോലാഹലം തുടങ്ങി.സംയമനം പാലിക്കണമെന്ന് മുസ്‌ലിം സമുദായ നേതാക്കള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.