''സംഘപരിവാര ഗുണ്ടകള്‍ എന്റെ സഹോദരനെ കൊന്നു; അത്തരം സംഘടനകളെ നിരോധിക്കണം'': രാം നാരായണ്‍ ബഗേലിന്റെ സഹോദരന്‍
റായ്പൂര്‍: സംഘപരിവാര ഗുണ്ടകള്‍ തന്റെ സഹോദരന്‍ രാം നാരായന്‍ ബാഗേലിനെ കൊന്നുവെന്നും അത്തരം സംഘടനകളെ നിരോധിക്കണമെന്നും സഹോദരന്‍ ശശികാന്ത് ബാഗേല്‍. വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ദേശസ്നേഹികളാണെന്ന് അവകാശപ്പെടുന്ന സംഘപരിവാര്‍ സംഘടനകള്‍, സ്വന്തം രാജ്യത്തെ പൗരന്മാരെ തന്നെ 'ബംഗ്ലാദേശികള്‍' എന്ന് മുദ്രകുത്തി മര്‍ദ്ദിക്കുകയാണെന്ന് ശശികാന്ത് ബാഗേല്‍ ചൂണ്ടിക്കാട്ടി. ജാതിയുടെയും മതത്തിന്റെയും പേരില്‍ മര്‍ദ്ദിക്കുകയും കൊല്ലുകയും ചെയ്യുന്ന ഇത്തരം സംഘടനകളെ കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കണമെന്നും ശശികാന്ത് ബാഗേല്‍ ആവശ്യപ്പെട്ടു. തന്റെ സഹോദരന് നീതി ലഭിക്കുന്നതിനായി കേരള സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചതായും അവിടെയുള്ള സംഘടനകളുടെ സഹായത്തോടെ പ്രതിഷേധം നടത്തിയതായും അദ്ദേഹം വ്യക്തമാക്കുന്നു. 2025 ഡിസംബര്‍ 17നാണ് പാലക്കാട്ടെ വാളയാറില്‍ രാം നാരായന്‍ ബാഗേലിനെ തല്ലിക്കൊന്നത്. ബംഗ്ലാദേശിയാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.