പാലക്കാട്ടെ സംഘപരിവാര തല്ലിക്കൊല; അടിയേറ്റ് രാം നാരായന്‍ ചോരതുപ്പിയെന്ന് പോലിസ് റിപോര്‍ട്ട്

Update: 2025-12-22 04:05 GMT

പാലക്കാട്: ബംഗ്ലാദേശിയെന്ന് ആരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ ബിജെപി പ്രവര്‍ത്തകര്‍ അടങ്ങിയ സംഘം തല്ലിക്കൊന്ന സംഭവത്തിലെ റിമാന്‍ഡ് റിപോര്‍ട്ട് പുറത്ത്. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികള്‍ രാംനാരായനെ മര്‍ദിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ക്രൂരമായ മര്‍ദ്ദനമാണ് രാംനാരായന് നേരിടേണ്ടി വന്നത്. പ്രതികള്‍ വടി ഉപയോഗിച്ച് രാംനാരായണന്റെ തലയ്ക്കും മുതുകിലും ക്രൂരമായി അടിച്ചു. മര്‍ദനമേറ്റ് നിലത്തു വീണതിന് ശേഷവും നെഞ്ചത്തും ഇടുപ്പിലും മുഖത്തും ക്രൂരമായി ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തു. മര്‍ദനത്തെ തുടര്‍ന്ന് രാംനാരായന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ ചോര തുപ്പി. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നവരുടെ ഫോണുകളില്‍ നിന്ന് കൂടുതല്‍ വീഡിയോകള്‍ പോലിസിന് ലഭിച്ചു.

കേസില്‍ ഇനിയും കൂടുതല്‍ പ്രതികള്‍ പിടിയിലാകാനുണ്ട്. പ്രതികള്‍ പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാല്‍ അവര്‍ക്ക് ജാമ്യം അനുവദിക്കരുത് എന്ന് പോലിസ് കോടതിയില്‍ പറഞ്ഞു. മൊബൈല്‍ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. നിലവില്‍ ചുമത്തിയിട്ടുള്ള കൊലപാതക കുറ്റത്തിന് പുറമെ, ആള്‍ക്കൂട്ട കൊലപാതകം, എസ്സി/എസ്ടി പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ കൂടി പ്രതികള്‍ക്കെതിരെ ചുമത്തണമെന്ന് ബന്ധുക്കളും പൊതുപ്രവര്‍ത്തകരും ആവശ്യപ്പെട്ടിട്ടുണ്ട്.