മഞ്ജു വാര്യര്‍ക്കെതിരെ പരാമര്‍ശമെന്ന്; സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍
കൊച്ചി: സിനിമാതാരം മഞ്ജു വാര്യര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ പോലിസ് കസ്റ്റഡിയിലെടുത്തു. മുംബൈയില്‍ നിന്ന് കൊച്ചിയിലെത്തിച്ചാണ് കസ്റ്റഡിയിലെടുത്തത്. കൂടുതല്‍ ചോദ്യം ചെയ്യാനാണ് എളമക്കര പോലിസിന്റെ നീക്കം. തനിക്കെതിരായ രണ്ട് പരാതികളും നടിയല്ല നല്‍കിയതെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും സനല്‍ കുമാര്‍ ശശിധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് കേസും കള്ളക്കേസാണ്. തന്നെയും മഞ്ജു വാര്യരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്താല്‍ സത്യാവസ്ത പുറത്തു വരും. കഴിഞ്ഞ കുറച്ചുകാലമായി മഞ്ജുവാര്യരെ പരാമര്‍ശിച്ചും ടാഗ് ചെയ്തും സനല്‍ നിരവധി പോസ്റ്റുകള്‍ ഇട്ടിരുന്നു. അതിനെ തുടര്‍ന്ന് 2022ല്‍ സനല്‍കുമാറിനെ പോലിസ് അറസ്റ്റ് ചെയ്യുകയും കോടതിയില്‍നിന്നു ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം പോസ്റ്റുകള്‍ ഇടുന്നത് തുടരുകയായിരുന്നു. നടി തടങ്കലില്‍ ആണെന്ന രീതിയിലാണ് പോസ്റ്റുകള്‍.