വ്യവസായി സമീര്‍ മോദി പീഡനക്കേസില്‍ അറസ്റ്റില്‍; 50 കോടി നല്‍കിയാല്‍ കേസ് പിന്‍വലിക്കാമെന്ന് മുന്‍ ലിവ് ഇന്‍ പാര്‍ട്ണര്‍
ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായി ലളിത് മോദിയുടെ സഹോദരന്‍ സമീര്‍ മോദിയെ പീഡന പരാതിയില്‍ അറസ്റ്റ് ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലിവ് ഇന്‍ പാര്‍ടണറായിരുന്ന സ്ത്രീ നല്‍കിയ പരാതിയിലാണ് അറസ്റ്റെന്ന് ന്യൂ ഫ്രണ്ട്‌സ് കോളനി പോലിസ് അറിയിച്ചു. സമീറിനെ റിമാന്‍ഡ് ചെയ്തതായി പോലിസ് അറിയിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സമീറിനെതിരേ പരാതി നല്‍കിയ യുവതി 50 കോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. 50 കോടി രൂപ ലഭിച്ചാല്‍ പരാതി പിന്‍വലിക്കാമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍, ഇതിന് സമീര്‍ വിസമ്മതിച്ചതാണ് അറസ്റ്റിലേക്ക് നയിച്ചത്. കെ കെ മോദി, ബീന മോദി എന്നിവരുടെ മകനായി 1969ല്‍ ജനിച്ച സമീര്‍ മോദി, മോദി എന്റര്‍പ്രൈസസിന്റെ എക്‌സിക്യൂട്ടിവ് ഡയറക്ടറാണ്. മുത്തച്ഛനായ ഗുജര്‍മാല്‍ മോദി 1933ല്‍ സ്ഥാപിച്ച കമ്പനിയാണിത്. ഗോഡ്‌ഫ്രെ ഫിലിപ്‌സ് ഇന്ത്യ കമ്പനിയുടെയും ഇന്‍ഡോഫില്‍ ഇന്‍ഡസ്ട്രീസിന്റെയും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയാണ് സമീര്‍ മോദി.