സംഭല്‍ ശാഹീ മസ്ജിദിലെ പുരാതന കിണര്‍ പിടിച്ചെടുത്ത് ജില്ലാഭരണകൂടം; പോലിസിനെയും വിന്യസിച്ചു

പള്ളിക്കിണറ്റില്‍ ജില്ലാ ഭരണകൂടം ഒരു മോട്ടോര്‍ സ്ഥാപിച്ചതായി മസ്ജിദ് കമ്മിറ്റി മേധാവി സഫര്‍ അലി പറഞ്ഞു.

Update: 2024-12-17 18:00 GMT

സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയിലെ ശാഹീ ജാമിഅ് മസ്ജിദിന്റെ പുരാതനമായ കിണര്‍ പിടിച്ചെടുക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മസ്ജിദിന്റെ കിഴക്കേ മതിലിന് സമീപത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കിണര്‍ ജലാശയ സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് മോട്ടോര്‍ സ്ഥാപിച്ചു.

നീക്കത്തെ എതിര്‍ത്ത് ജില്ലാ മജിസ്‌ട്രേറ്റിന് വക്കീല്‍ നോട്ടീസ് അയച്ചതായി മസ്ജിദ് കമ്മിറ്റി അറിയിച്ചു. പള്ളിക്കിണറിന്റെ സ്വഭാവം മാറ്റാനുള്ള നീക്കത്തെ തടയുമെന്ന് അഭിഭാഷകനായ ഷക്കീല്‍ അഹമദ് വാര്‍സി പറഞ്ഞു. '' വുദു എടുക്കാനുള്ള വെള്ളം ഈ കിണറില്‍ നിന്നാണ് ശേഖരിക്കുന്നത്. മത ഇതരമായൊരു കാര്യങ്ങള്‍ക്കും ഇതിലെ വെള്ളം ഉപയോഗിക്കാറില്ല. ''-ഷക്കീല്‍ അഹമദ് പറഞ്ഞു.

പള്ളിക്കിണറ്റില്‍ ജില്ലാ ഭരണകൂടം ഒരു മോട്ടോര്‍ സ്ഥാപിച്ചതായി മസ്ജിദ് കമ്മിറ്റി മേധാവി സഫര്‍ അലി പറഞ്ഞു. ഇപ്പോള്‍ പോലിസിനെയും വിന്യസിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ സുപ്രിംകോടതി വിധിയുടെ ലംഘനമാണെന്നും പ്രത്യാഘാതമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. മസ്ജിദ് കമ്മിറ്റിയില്‍ നിന്നും ഇതുവരെ നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെന്‍സിയ പറഞ്ഞു.'' ഏതാണ് ഈ പള്ളിക്കമ്മിറ്റി, അവര്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ ?'' -രാജേന്ദ്ര പെന്‍സിയ ചോദിച്ചു. സര്‍ക്കാര്‍ തീരുമാനം എന്തായാലും നടപ്പാവും. പ്രദേശത്ത്് മൊത്തം 18 കിണറുകള്‍ പിടിച്ചെടുത്തുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.