സംഭല്‍ ശാഹീ ജാമിഅ് മസ്ജിദിന് കാവി പെയിന്റ് അടിക്കണമെന്ന് ഹിന്ദുത്വ സന്യാസി
സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹീ ജാമിഅ് മസ്ജിദിന് കാവി പെയിന്റ് അടിക്കണമെന്ന് ഗോരഖ്‌നാഥ് വിഭാഗത്തിന് കീഴിലുള്ള നൈമിശരണ്യ ക്ഷേമനാഥ് തീര്‍ത്ത ക്ഷേത്രത്തിലെ പൂജാരിയായ ബാല്‍ യോഗി ദീനനാഥ്. അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം നാളെ മസ്ജിദിന് പെയിന്റ് അടിക്കാനിരിക്കെയാണ് സന്യാസിയുടെ രംഗപ്രവേശം. മസ്ജിദിന് കാവിനിറം നല്‍കണമെന്ന് ബാല്‍ യോഗി ആവശ്യപ്പെട്ടു. ''മസ്ജിദ് എന്നുപറയുന്ന കെട്ടിടം സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഉള്ളതായതിനാല്‍ വെള്ളയും കാവിയും നിറവും ഉപയോഗിച്ച് പെയിന്റ് ചെയ്യണം. ഒരുവിഭാഗത്തിന്റെ പച്ച നിറം മാത്രം ഉപയോഗിക്കാന്‍ പാടില്ല.''- ബാല്‍ യോഗി പറഞ്ഞു.
പരമ്പരാഗതമായി പച്ച, വെള്ള, സ്വര്‍ണ്ണ നിറങ്ങളാണ് മസ്ജിദില്‍ അടിക്കാറെന്നും അത് തുടരുമെന്നും മസ്ജിദ് കമ്മിറ്റി മേധാവി സഫര്‍ അലി പറഞ്ഞു. പെയിന്റിങ് പഴയ പോലെ തന്നെ തുടരണമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേക്ക് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
