സംഭല്‍ ശാഹീ ജാമിഅ് മസ്ജിദും ടാര്‍പോളിന്‍ കൊണ്ടുമൂടി; 1,015 പേര്‍ കരുതല്‍ തടങ്കലില്‍ (വീഡിയോ)

Update: 2025-03-12 12:57 GMT

സംഭല്‍: മാര്‍ച്ച് 14 വെള്ളിയാഴ്ച്ച ഹോളി ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ ഉത്തര്‍പ്രദേശിലെ സംഭലിലെ ചരിത്രപ്രസിദ്ധമായ ശാഹീ മസ്ജിദ് അടക്കം പത്ത് മുസ്‌ലിം പള്ളികള്‍ ടാര്‍പോളിന്‍ ഇട്ട് മൂടി.സംഭല്‍ സംഘര്‍ഷത്തിലെ പിടികിട്ടാപുള്ളികള്‍ എന്നാരോപിക്കപ്പെടുന്ന മുസ്‌ലിം യുവാക്കളുടെ ചിത്രങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ പള്ളിയുടെ ചുവരില്‍ പതിച്ചത് വീഡിയോയില്‍ കാണാം.

ക്രമസമാധാനം പാലിക്കാന്‍ എന്ന് ആരോപിച്ച് ആയിരത്തില്‍ അധികം പേരെ കരുതല്‍ തടങ്കലിലുമാക്കി. ഹോളി യാത്ര കടന്നുപോവുന്ന പ്രദേശങ്ങളിലെ പള്ളികളാണ് മൂടിയിരിക്കുന്നത്. ''ഹോളി ഘോഷയാത്രയുടെ വഴിയിലുള്ള 10 മതസ്ഥലങ്ങളും സംരക്ഷിക്കാനാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. എല്ലാവരുമായും സംസാരിച്ചാണ് ഇത് ചെയ്തിരിക്കുന്നത്''-എഎസ്പി ശ്രീഷ് ചന്ദ്ര അവകാശപ്പെട്ടു.

പള്ളികള്‍ മൂടിയതിന് പുറമെ 1015 പേരെ കരുതല്‍ തടങ്കലില്‍ ആക്കിയതായി എസ്ഡിഎം ഡോ. വന്ദന മിശ്ര പറഞ്ഞു. സിആര്‍പിസിയിലെ സെക്ഷന്‍ 126, 135 എന്നിവ പ്രകാരമാണ് നടപടി. ഹോളി സമാധാനത്തോടെ നടത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതായും അവര്‍ വിശദീകരിച്ചു.

അതേസമയം, റമദാന്‍ മാസത്തില്‍ സംഭല്‍ ശാഹീ ജാമിഅ് മസ്ജിദ് വൈറ്റ്‌വാഷ് ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. ഒരാഴ്ച്ചക്കുള്ളില്‍ മസ്ജിദ് വൈറ്റ്‌വാഷ് ചെയ്യണമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേക്ക് കോടതി നിര്‍ദേശം നല്‍കി. ഇതിന്റെ ചെലവ് പള്ളിക്കമ്മിറ്റി വഹിക്കണം. 1927ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേയും മസ്ജിദ് കമ്മിറ്റിയും തമ്മില്‍ ഒപ്പിട്ട കരാര്‍ പ്രകാരമാണ് വൈറ്റ് വാഷ് നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടത്. മസ്ജിദ് കമ്മിറ്റി സ്വന്തമായി മസ്ജിദില്‍ വൈറ്റ്‌വാഷ് ചെയ്യാറുണ്ടെന്നും അതുമൂസം ചുവരുകള്‍ നാശമായെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഇന്ന് ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ ആര്‍ക്കിയോളജിക്കല്‍ സര്‍വേ അതില്‍ എന്തുനടപടിയാണ് സ്വീകരിച്ചതെന്നാണ് കോടതി തിരിച്ചു ചോദിച്ചത്.