മാര്‍ച്ച് 14ലെ ജുമുഅ സമയത്തില്‍ പോലിസുമായി ധാരണയായിട്ടില്ലെന്ന് സംഭല്‍ മസ്ജിദ് കമ്മിറ്റി

Update: 2025-03-12 01:44 GMT

സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹീ ജാമിഅ് മസ്ജിദിലെ മാര്‍ച്ച് 14 വെള്ളിയാഴ്ച്ചയിലെ ജുമുഅ, ഹോളി ആഘോഷത്തിന് ശേഷം നടത്താന്‍ എല്ലാവരും കൂടി തീരുമാനിച്ചെന്ന പോലിസ് വാദം മസ്ജിദ് കമ്മിറ്റി തള്ളി. വിഷയത്തില്‍ പോലിസുമായോ ജില്ലാ ഭരണകൂടവുമായോ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് സഫര്‍ അലി പറഞ്ഞു.

'' പോലിസുമായോ ഭരണകൂടവുമായോ ഞങ്ങള്‍ സംസാരിച്ചിട്ടില്ല. വെള്ളിയാഴ്ച പ്രാര്‍ത്ഥനയുടെ സമയം സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ഞങ്ങള്‍ ഞങ്ങളുടെ മത പണ്ഡിതന്മാരുമായി കൂടിയാലോചന നടത്തുകയാണ്. മതപണ്ഡിതര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാനേ കഴിയൂ. അന്തിമതീരുമാനം മസ്ജിദ് കമ്മിറ്റി എടുക്കും. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തീരുമാനം അറിയിക്കും. പ്രാര്‍ത്ഥനാ സമയം തീരുമാനിക്കാനും പ്രഖ്യാപിക്കാനും കമ്മിറ്റിക്ക് മാത്രമേ അധികാരമുള്ളൂ. ഹോളിയും റമദാനും ആഘോഷിക്കുന്നതിനായി നഗരത്തില്‍ സമാധാനവും ഐക്യവും ഉറപ്പാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. മുന്‍കാലങ്ങളില്‍ ഹോളിയും ജുമുഅ നമസ്‌കാരവും ഒരു പ്രശ്‌നവുമില്ലാതെ ഒരുമിച്ച് നടന്നിട്ടുണ്ട്. അതിനാല്‍, സമയം ക്രമീകരിക്കണോ വേണ്ടയോ എന്ന് ഞങ്ങള്‍ ഇപ്പോഴും ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ഉച്ചയ്ക്ക് 2 മണിക്ക് ശേഷമോ 2:30ന് ശേഷമോ ജുമുഅ നടത്തുമെന്ന പോലിസിന്റെയും ഭരണകൂടത്തിന്റെയും പ്രഖ്യാപനം തെറ്റാണ്. ഞങ്ങളുമായി ആരും സംസാരിച്ചിട്ടില്ല.''-സഫര്‍ അലി പറഞ്ഞു.


സഫര്‍ അലി

സംഭലില്‍ മാര്‍ച്ച് 14ന് ഉച്ചയ്ക്ക് 2.30 വരെ ഹിന്ദുക്കള്‍ ഹോളി ആഘോഷിക്കുമെന്നും അതിന് ശേഷം മുസ്‌ലിംകള്‍ ജുമുഅ നടത്തുമെന്നാണ് സംഭല്‍ എസ്പി കൃഷന്‍ കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. തുടര്‍ന്ന് അന്നേ ദിവസം പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറിയുടെ ഏഴ് കമ്പനികളെ വിന്യസിക്കുമെന്നും പ്രഖ്യാപിക്കുകയുണ്ടായി.

ഹോളി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന ഒരു ഉത്സവമാണെന്നും വര്‍ഷത്തില്‍ 52 തവണ ജുമുഅ നമസ്‌കാരം നടക്കുന്നുണ്ടെന്നും ഹോളി ദിനത്തില്‍ മുസ്‌ലിംകള്‍ വീട്ടിലിരിക്കണമെന്നും സംഭല്‍ സര്‍ക്കിള്‍ ഓഫിസര്‍ അനുജ് ചൗധുരി നേരത്തെ പറഞ്ഞിരുന്നു.

ഇതിനെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും സ്വാഗതം ചെയ്തു.ഈ വാദം പിന്നീട് രാജ്യത്തിന്റെ വിവിധഭാഗങ്ങളിലെ ഹിന്ദുത്വര്‍ ഏറ്റെടുത്തു.ഈ അനുജ് ചൗധുരി കഴിഞ്ഞ ദിവസം സംഭലില്‍ നടന്ന രംഗ്ഭാരി ഏകാദശിയില്‍ ആരതി നടത്തുന്ന വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നു.

നേരത്തെ ഹനുമാന്‍ യാത്രയില്‍ ഗദയുമായി ഇയാള്‍ നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

മാര്‍ച്ച് 14ന് സംഭലില്‍ മൂന്നു തലത്തിലാണ് പോലിസിനെ വിന്യസിച്ചിരിക്കുന്നത്. ഹോളി ഘോഷയാത്രയെ ബോക്‌സ് ഫോര്‍മാറ്റിലാണ് പോലിസ് അനുഗമിക്കുകയെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെന്‍സിയ പറഞ്ഞു. ജുമുഅ 2.30ന് തന്നെയാണ് നടക്കുകയെന്ന് പെന്‍സിയ ആവര്‍ത്തിച്ചു. സംഭല്‍ നഗരത്തെ ആറ് സോണുകളും 29 സെക്ടറുകളുമായി വിഭജിച്ചെന്ന് എസ്പിയും പറഞ്ഞു. മസ്ജിദിന് ചുറ്റും സിസിടിവി കാമറകള്‍ സ്ഥാപിച്ചു. ഇവയെ മസ്ജിദിന് പുറത്തെ കണ്‍ട്രോള്‍ റൂമിലൂടെ നിയന്ത്രിക്കുകയാണ്.

അതേസമയം, സംഭല്‍ സംഘര്‍ഷത്തില്‍ പ്രതിചേര്‍ക്കപ്പെട്ട ഒമ്പത് മുസ്‌ലിംകള്‍ നല്‍കിയ ജാമ്യാപേക്ഷ അഡീഷണല്‍ ജില്ലാ ജഡ്ജി നിര്‍ഭയ് നാരായണ്‍ റായ് തള്ളി. ഇതുവരെ 122 ജാമ്യാപേക്ഷകള്‍ തള്ളിയതായി അഡീഷണല്‍ ജില്ലാ ഗവണ്‍മെന്റ് കൗണ്‍സില്‍ ഹരി ഓം പ്രകാശ് സൈനി പറഞ്ഞു.