''താലിബാനെ കുറിച്ച് പറഞ്ഞതിന് ഞങ്ങള്‍ക്കെതിരേ രാജ്യദ്രോഹക്കേസ്; അവരെ സ്വീകരിക്കുന്നത് നിങ്ങള്‍'': ബിജെപിയുടെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി സംഭല്‍ എംപി
സംഭല്‍: അഫ്ഗാനിസ്താന്‍ വിദേശകാര്യമന്ത്രിയും താലിബാന്‍ നേതാവുമായ ആമിര്‍ ഖാന്‍ മുത്തഖിയുടെ ഇന്ത്യ സന്ദര്‍ശനത്തില്‍ ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് സംഭല്‍ എംപി സിയാവുര്‍ റഹ്മാന്‍ ബര്‍ഖ്. 2021ല്‍ അഫ്ഗാനിസ്താനില്‍ യുഎസ് സൈന്യത്തെ താലിബാന്‍ പരാജയപ്പെടുത്തിയതിലെ പരാമര്‍ശത്തെ തുടര്‍ന്ന് സംഭല്‍ എംപിയായിരുന്ന ഡോ. ഷഫീഖുര്‍ റഹ്മാന്‍ ബര്‍ഖിനെതിരെ യുപി പോലിസ് രാജ്യദ്രോഹത്തിന് കേസെടുത്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് നിലവിലെ എംപിയായ സിയാവുര്‍ റഹ്മാന്‍ ബര്‍ഖിന്റെ പരാമര്‍ശം.
സിയാവുര്‍ റഹ്മാന്‍ ബര്‍ഖിന്റെ വാക്കുകള്‍
'' ഇന്ത്യയിലേക്ക് വരുന്ന താലിബാന്‍ മന്ത്രി മുത്തഖിയെ സ്വാഗതം ചെയ്യുമ്പോള്‍ ഒരു ചോദ്യവും ഉയരുന്നില്ല.
എന്നാല്‍, സംഭല്‍ എംപി ഡോ. ഷഫീഖുര്‍ റഹ്മാന്‍ ബര്‍ഖ് താലിബാനെ കുറിച്ച് പ്രസ്താവന നല്‍കിയപ്പോള്‍ അദ്ദേഹം ലജ്ജിക്കണമെന്ന് യോഗി പറഞ്ഞു. യുപി പോലിസ് കേസുമെടുത്തു.
ഇപ്പോള്‍ അതേ താലിബാന്‍ മന്ത്രി ആഗ്രയിലെ താജ്മഹലും ദയൂബന്ദും സന്ദര്‍ശിക്കും. യുപി പോലിസ് പൂര്‍ണസുരക്ഷ നല്‍കും.
എന്തുകൊണ്ട് ഈ ഇരട്ടത്താപ്പ്?
ഇനി ആരാണ് ലജ്ജിക്കേണ്ടത്, ആരുടെ പരാതിയിലാണ് കേസെടുക്കുക ? ''
ബിജെപി സംഭല്‍ യൂണിറ്റിന്റെ വൈസ് പ്രസിഡന്റ് രാജേഷ് സിംഗാളിന്റെ പരാതിയിലാണ് ഡോ. ഷഫീഖുര്‍ റഹ്മാനെതിരേ കോട്‌വാലി പോലിസ് രാജ്യദ്രോഹത്തിന് കേസെടുത്തിരുന്നത്.
