സംഭല്‍ ശാഹീ മസ്ജിദ് കിണറിന്റെ പേര് 'ധരണി വരാഹ കൂപം' എന്നാണെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹീ ജാമിഅ് മസ്ജിദിന്റെ കിണറിന്റെ പേര് 'ധരണി വരാഹ കൂപം' എന്നാണെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. ഈ കിണര്‍ 'തര്‍ക്കപ്രദേശത്തിന്റെ' അകത്തല്ല, പൊതുഭൂമിയിലാണ് സ്ഥിതി ചെയ്യുന്നതെന്നും സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അവകാശപ്പെട്ടു.
പള്ളിക്കിണര്‍ പിടിച്ചെടുക്കാനുള്ള നഗരസഭയുടെ നോട്ടിസിനെ ചോദ്യം ചെയ്ത് സംഭല്‍ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജിയാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്. കിണര്‍ ഹരിക്ഷേത്രത്തിന്റേതാണെന്നാണ് നോട്ടിസില്‍ പറയുന്നത്. ഹരജി പരിഗണിച്ച സുപ്രിംകോടതി നോട്ടിസിലെ തുടര്‍നടപടികള്‍ നേരത്തെ സ്റ്റേ ചെയ്തിരുന്നു. കിണര്‍ അധികൃതര്‍ ഏറ്റെടുത്താല്‍ പൂജ തുടങ്ങാന്‍ സാധ്യതയുണ്ടെന്ന പള്ളിക്കമ്മിറ്റിയുടെ വാദം പരിഗണിച്ചായിരുന്നു നടപടി. തുടര്‍ന്ന് സംസ്ഥാനസര്‍ക്കാരില്‍ നിന്നും വിശദീകരണവും തേടി.
അതേസമയം, മസ്ജിദില്‍ യാതൊരുതരത്തിലുള്ള അറ്റകുറ്റപണികളും നടത്തരുതെന്ന് മസ്ജിദ് കമ്മിറ്റി ഭാരവാഹികള്‍ക്ക് ജില്ലാഭരണകൂടം നിര്‍ദേശം നല്‍കി. റമദാന്‍ വരുന്നതിനാല്‍ പള്ളി വൃത്തിയാക്കി അലങ്കരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് മസ്ജിദ് കമ്മിറ്റി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, തങ്ങളുടെ അനുമതിയില്ലാതെ യാതൊരു പണികളും ചെയ്യരുതെന്നാണ് ജില്ലാഭരണകൂടം പറഞ്ഞിരിക്കുന്നത്. പള്ളിയുമായി ബന്ധപ്പെട്ട കേസ് കോടതിയിലാണെന്നും പള്ളി ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെത് ആണെന്നും ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്രര്‍ പെന്‍സിയ പറഞ്ഞു.
