സംഭലില്‍ പോലിസിന് നേരെ കല്ലെറിഞ്ഞെന്ന കേസില്‍ മുസ്‌ലിം യുവതിയെ വെറുതെവിട്ടു; തെളിവില്ലെന്ന് കോടതി
സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭലില്‍ പോലിസിന് നേരെ കല്ലെറിഞ്ഞു എന്നാരോപിച്ച് അറസ്റ്റ് ജയിലില്‍ അടച്ച മുസ്‌ലിം യുവതിയെ കോടതി വെറുതെവിട്ടു. തെളിവുകളൊന്നും ഹാജരാക്കാന്‍ പോലിസിന് സാധിക്കാത്തതിനാനാലാണ് ഫര്‍ഹാന ബൈസാത്ത് എന്ന യുവതിയെ സിജെഎം കോടതി വെറുതെവിട്ടത്. ഇതോടെ അവര്‍ ജയില്‍ മോചിതയായി. സംഭല്‍ സംഘര്‍ഷത്തില്‍ നാലു സ്ത്രീകളെയാണ് പോലിസ് പിടികൂടി ജയിലില്‍ അടച്ചത്. ബാക്കി മൂന്നുപേരും ജയിലില്‍ തന്നെയാണുള്ളത്.
സംഭല്‍ ശാഹി ജാമിഅ് മസ്ജിദ് ഹിന്ദുക്ഷേത്രമാണെന്ന് അവകാശപ്പെട്ട് ഹിന്ദുത്വര്‍ നല്‍കിയ ഹരജിയില്‍ സര്‍വേക്ക് സിവില്‍ കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ആറ് മുസ്‌ലിം യുവാക്കളെയാണ് 2024 നവംബര്‍ 24ന് പോലിസ് വെടിവച്ചു കൊന്നത്. തുടര്‍ന്ന് നിരവധി മുസ്‌ലിം യുവാക്കളെയും നാലു മുസ് ലിം സ്ത്രീകളെയും കേസില്‍ പ്രതിയാക്കി ജയിലില്‍ അടയ്ക്കുകയായിരുന്നു.
സംഭല്‍ സംഘര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്ത 12 കേസുകളില്‍ ആറെണ്ണത്തില്‍ പോലിസ് കഴിഞ്ഞ ദിവസം കോടതിയില്‍ കുറ്റപത്രം നല്‍കിയിട്ടുണ്ട്. മൊത്തം 4,400 പേജുകളുള്ള കുറ്റപത്രങ്ങളാണ് നല്‍കിയിരിക്കുന്നത്. യുഎഇയില്‍ ഉള്ള ശരീഖ് സത്ത എന്നയാളാണ് സംഘര്‍ഷങ്ങളുടെ കേന്ദ്രബിന്ദുവെന്ന് കുറ്റപത്രം ആരോപിക്കുന്നു. 79 പേരാണ് നിലവില്‍ പ്രതികള്‍. കൂടുതല്‍ പേരെ തുടരന്വേഷണത്തില്‍ പ്രതിയാക്കുമെന്നാണ് പോലിസ് പറയുന്നത്. ശരീഖ് സത്തയ്ക്ക് പ്രാദേശിക രാഷ്ട്രീയ നേതാക്കളുമായി അടുത്തബന്ധമുണ്ടെന്നും പോലിസ് ആരോപിക്കുന്നു. അതേസമയം, സംഭല്‍ സംഘര്‍ഷത്തില്‍ പോലിസിന് പങ്കുണ്ടെന്ന് പറയുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ സൈബര്‍ പോലിസ് കേസെടുത്തു.
