'' വഖ്ഫ് കേസില്‍ കേന്ദ്രം കോടതിയില്‍ നല്‍കിയ ഉറപ്പുകള്‍ ലംഘിക്കപ്പെടുന്നു'' നിയമം അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് സമസ്ത

Update: 2025-09-01 13:31 GMT

ന്യൂഡല്‍ഹി: മുസ്‌ലിംകളുടെ വഖ്ഫ് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖ്ഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യണമന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സുപ്രിംകോടതിയെ സമീപിച്ചു. കേസില്‍ തീരുമാനമുണ്ടാവുന്നതു വരെ വഖ്ഫ് സ്വത്തുക്കളുടെ സ്വഭാവം മാറ്റില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പ് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ലംഘിക്കുകയാണെന്ന് പുതിയ അപേക്ഷയില്‍ സമസ്ത ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശ്, തെലങ്കാന തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ വഖ്ഫ് ഭൂമികളിലുണ്ടായിരുന്ന കെട്ടിടങ്ങള്‍ തകര്‍ത്തെന്നും അപേക്ഷയില്‍ സമസ്ത ചൂണ്ടിക്കാട്ടുന്നു. വഖ്ഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ വിവിധ ഹരജികള്‍ വാദംകേട്ട് സുപ്രീംകോടതി വിധിപറയാനായി മാറ്റിയിരുന്നു. മേയ് 22നാണ് ഹരജികള്‍ വിധിപറയാനായി മാറ്റിയത്. ഈ കാലയളവില്‍ വഖ്ഫില്‍ കാര്യമായ ഇടപെടലുകള്‍ നടത്തില്ലെന്ന് കേന്ദ്രം കോടതിയില്‍ ഉറപ്പുനല്‍കിയിരുന്നു. ഈ ഉറപ്പുകള്‍ ലംഘിക്കപ്പെട്ടുവെന്നാണ് സമസ്തയ്ക്കുവേണ്ടി അഡ്വ. പി എസ് സുല്‍ഫിക്കര്‍ അലി ഫയല്‍ചെയ്ത അപേക്ഷ പറയുന്നത്.