ന്യൂഡല്‍ഹി: രാജ്യത്ത് മുസ്ലിങ്ങള്‍ക്കെതിരായ ആള്‍ക്കൂട്ട ആക്രമണങ്ങളും വിദ്വേഷ പ്രസംഗങ്ങളും കൂടുന്നെന്ന് ചൂണ്ടിക്കാട്ടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സുപ്രിംകോടതിയെ സമീപിച്ചു. ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ സുപ്രിംകോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നില്ലെന്ന് ഹരജി ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യ ഹരജിയിലാണ് ഫയല്‍ ചെയ്തിരിക്കുന്നത്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിനും പ്രതികളെ ശിക്ഷിക്കുന്നതിനും കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങളാണ് 2018ല്‍ തെഹ്‌സീന്‍ പൂനെവാല കേസില്‍ സുപ്രിംകോടതി പുറപ്പെടുവിച്ചത്. എന്നാല്‍, ഇവ സര്‍ക്കാരുകള്‍ നടപ്പാക്കുന്നില്ലെന്ന് ഹരജി പറയുന്നു. അതിനാല്‍, സുപ്രിംകോടതി പുറപ്പടുവിച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ബിഹാറില്‍ മുസ്ലിങ്ങള്‍ക്കെതിരേ നടന്ന ആക്രമണങ്ങളുടെ വിശദാംശങ്ങളും ഹരജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.