ഔറംഗസേബ് മികച്ച ഭരണാധികാരിയാണെന്ന പരാമര്‍ശത്തില്‍ എസ്പി എംഎല്‍ക്കെതിരെ കേസ്

Update: 2025-03-05 04:02 GMT

മുംബൈ: മുഗള്‍ ചക്രവര്‍ത്തിയായിരുന്ന അബുല്‍ മുളഫര്‍ മുഹ്‌യുദ്ദീന്‍ എന്ന ഔറംഗസീബ് മികച്ച ഭരണാധികാരിയായിരുന്നുവെന്ന പരാമര്‍ശത്തില്‍ മഹാരാഷ്ട്ര നിയമസഭയിലെ സമാജ് വാദി പാര്‍ട്ടി അംഗമായ അബൂ അസീം ആസ്മിക്കെതിരെ കേസെടുത്തു. ബിജെപി-ശിവസേന നേതാക്കള്‍ നല്‍കിയ പരാതിയിലാണ് മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പു പ്രകാരം കേസെടുത്തിരിക്കുന്നത്.

മറാത്ത രാജാവായിരുന്ന ശിവാജിയുടെ കഥ പറയുന്ന 'ഛാവ' എന്ന സിനിമ ഔറംഗസീബിനെ മോശക്കാരനായാണ് ചിത്രീകരിക്കുന്നത്. ഈ സിനിമ കണ്ട ശേഷമാണ് അബൂ അസീം ആസ്മി തന്റെ അഭിപ്രായം പറഞ്ഞത്. എന്നാല്‍, ഔറംഗസേബ്, ശിവാജിയെയും മകനെയും തടങ്കലിലാക്കി മതംമാറ്റാന്‍ ശ്രമിച്ചെന്നാണ് ഛാവയില്‍ പറയുന്നതെന്നും അബൂ അസീം ആസ്മിയെ അറസ്റ്റ് ചെയ്യണമെന്നും ബിജെപി-ശിവസേന നേതാക്കള്‍ ആവശ്യപ്പെട്ടു.

1618 ഒക്‌ടോബര്‍ 24ന് ഇന്നത്തെ ഗുജറാത്തിലെ ദൗഹത് എന്ന സ്ഥലത്താണ് ഔറംഗസീബ് ജനിച്ചത്. ഔറംഗസീബ് എന്ന പേര്‍ഷ്യന്‍ നാമത്തിന് 'അധികാരത്തിന്റെ അലങ്കാരം'എന്നാണര്‍ഥം. മുഗള്‍ സാമ്രാജ്യത്വത്തിലെ കേളികേട്ട സുല്‍ത്താനായിരുന്ന ഷാജഹാനും 'മുംതാസ് മഹല്‍' എന്ന നാമധേയത്താല്‍ അറിയപ്പെടുന്ന അര്‍ജുമന്ദ് ബാനുവും ആയിരുന്നു മാതാപിതാക്കള്‍. ക്രി.ശേ 1658 മുതല്‍ 1707 വരെ ഔറംഗസേബ് ഭരിച്ചു. തന്റെ കാലത്ത് നടന്ന മുപ്പതോളം യുദ്ധങ്ങളില്‍ 11 എണ്ണത്തിലും അദ്ദേഹം തന്നെയായിരുന്നു സൈന്യാധിപന്‍. ഉജ്ജ്വലമായ സൈനികമികവിനാല്‍ മുഗള്‍ സാമ്രാജ്യം അതിദ്രുതം വ്യാപിച്ചു.