ശമ്പള വര്‍ധന: സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല നിസഹകരണം തുടങ്ങി

വി.ഐ.പി ഡ്യൂട്ടികള്‍, ഇ-സഞ്ജീവനി ചുമതലകള്‍, മെഡിക്കല്‍ ബോര്‍ഡുകള്‍ എന്നിവ ഡോക്ടര്‍മാര്‍ പൂര്‍ണമായും ബഹിഷ്‌കരിക്കും. തിങ്കളാഴ്ച നിരാഹാര സമരം

Update: 2021-12-01 12:13 GMT

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല നിസ്സഹകരണ സമരം തുടങ്ങി. വിഐപി ഡ്യൂട്ടികള്‍, ഇ-സഞ്ജീവനി ചുമതലകള്‍, മെഡിക്കല്‍ ബോര്‍ഡുകള്‍ എന്നിവ ഡോക്ടര്‍മാര്‍ പൂര്‍ണമായും ബഹിഷ്‌കരിക്കും. രോഗീപരിചരണവുമായി നേരിട്ട് ബന്ധമില്ലാത്ത ആശുപത്രിക്ക് പുറത്തുള്ള എല്ലാ ഔദ്യോഗിക ചുമതലകളില്‍ നിന്നും വിട്ടുനില്‍ക്കും. ശമ്പള പരിഷ്‌കരണ ഉത്തരവ് ഉടന്‍ നടപ്പാക്കുക, എന്‍ട്രി കേഡറിലെ അപാകതകള്‍ പരിഹരിക്കുക, നിലവിലുള്ള മെഡിക്കല്‍ കോളജുകളിലെ അധ്യാപകരെ പുതിയതായി ആരംഭിച്ച ഇടുക്കി, കോന്നി മെഡിക്കല്‍ കോളജുകളിലേക്ക് പുനര്‍വിന്യസം ചെയ്യാനുള്ള തീരുമാനങ്ങള്‍ പുനഃപ്പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡോക്ടര്‍മാരുടെ നിസ്സസഹകരണം.

    വെള്ളിയാഴ്ച പ്രിന്‍സിപ്പല്‍ ഓഫിസുകള്‍ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണയും പഠനനിഷേധ ജാഥയും നടത്തും. മെഡിക്കല്‍ കോളജ് അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതോടൊപ്പം കാലാനുസൃതമായി സ്വയം പഠനം നടത്തുകയും ചെയ്യുന്നുണ്ട്. സര്‍ക്കാരിന്റെ അവഗണനയോടുള്ള പ്രതിഷേധസൂചകമായി അന്നുമുതല്‍ സ്വയമുള്ള പഠനം അവസാനിപ്പിക്കുന്നതിന്റെ പ്രതീകാത്മകമായി അധ്യാപകര്‍ സ്വന്തം മെഡിക്കല്‍ പഠനപുസ്തകങ്ങള്‍ പ്രിന്‍സിപ്പലിനെ തിരിച്ചേല്‍പ്പിക്കും. വരുന്ന തിങ്കളാഴ്ച എല്ലാ മെഡിക്കല്‍ കോളജ് അധ്യാപകരും നിരാഹാരം അനുഷ്ഠിച്ചാവും ഡ്യൂട്ടി എടുക്കുക. ഒമ്പതിന് എല്ലാ മെഡിക്കല്‍ കോളജുകള്‍ക്ക് മുന്നിലും മെഴുകുതിരി തെളിയിച്ച് സമരം നടത്തും. നിലവില്‍ രോഗീപരിചരണത്തെ ബാധിക്കാത്ത വിധമുള്ള സമരപരിപാടികളില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ കടുത്ത സമര പരിപാടയിലേക്ക് നീങ്ങുമെന്ന് മെഡിക്കല്‍ കോളജ് അധ്യാപക സംഘടനയായ കെജിഎംസിടിഎ അറിയിച്ചു.


Tags:    

Similar News