ലോറി ഡ്രൈവര്‍ക്ക് നേരെ സംഘപരിവാര്‍ ആക്രമണം; മൂന്നു പേര്‍ അറസ്റ്റില്‍

Update: 2025-07-02 16:01 GMT

സക്‌ലേഷ്പൂര്‍: ദക്ഷിണ കന്നഡയിലെ സക്‌ലേഷ്പൂരില്‍ ലോറി ഡ്രൈവറെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു. പശുക്കളെ കടത്തുകയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ലോറി ഡ്രൈവറുടെ കൈവശമുണ്ടായിരുന്ന 18,000 രൂപയും സംഘം കവര്‍ന്നു. സക്‌ലേഷ്പൂര്‍ താലൂക്കിലെ ബാലുപേട്ടിലാണ് ആക്രമണം നടന്നത്.

ദക്ഷിണ കന്നഡയിലെ നെല്യാടി സ്വദേശിയായ മുഹമ്മദ് നിഷാന്‍ പ്ലൈവുഡുമായി മംഗളൂരുവില്‍ നിന്നും ബംഗളൂരുവിലേക്ക് ലോറിയുമായി പോവുമ്പോള്‍ കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ലോറി തടഞ്ഞ സംഘം ജനലുകള്‍ തകര്‍ത്ത ശേഷം മുഹമ്മദ് നിഷാനെ പുറത്തിറക്കി വടി കൊണ്ടും മറ്റും അടിച്ചു. ആക്രമണത്തിനിടെ ലോറിയില്‍ ഓടിക്കയറിയ നിഷാം ലോറിയുമായി രക്ഷപ്പെട്ടു. സംഭവത്തില്‍ ധീരജ്, നവീന്‍, രാജു എന്നീ മൂന്നു പേരെ പോലിസ് അറസ്റ്റ് ചെയ്തു. പ്രതികളുടെ കാറും കസ്റ്റഡിയില്‍ എടുത്തു. കൊല്ലപ്പെടുമെന്ന് താന്‍ ഭയന്നതായി നിഷാം പറഞ്ഞു.