'നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു'; വര്‍ഗീയ പ്രസ്താവന പിന്‍വലിച്ചെന്ന് സജി ചെറിയാന്‍
തിരുവനന്തപുരം: വര്‍ഗീയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാന്‍. തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെങ്കിലും പ്രസ്താവനയില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും പിന്‍വലിക്കുന്നതായും സജി ചെറിയാന്‍ വ്യക്തമാക്കി. വിശദീകരണ കുറിപ്പ് ഇറക്കിയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇടതുമുന്നണിയെ ബാധിക്കുന്ന പ്രസ്താവനയാണ് സജി ചെറിയാന്റെ ഭാഗത്തുനിന്നുണ്ടായതെന്ന വികാരം സിപിഎമ്മിനുള്ളില്‍ ശക്തമായിരുന്നു. അതിന് പിന്നാലെയാണ് ഖേദപ്രകടനം. വര്‍ഗീയധ്രുവീകരണമുണ്ടോയെന്ന് അറിയാന്‍ മലപ്പുറത്തും കാസര്‍കോട്ടും ജയിച്ചവരുടെ പേരുകള്‍ നോക്കിയാല്‍ മതിയെന്നും ഇതാര്‍ക്കും മനസ്സിലാകില്ലെന്ന് കരുതരുതെന്നുമുള്ള പ്രസ്താവനയാണ് വിവാദത്തിലായത്.
കഴിഞ്ഞ ദിവസം ഞാന്‍ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ച് ഒരു വിഭാഗത്തിനെതിരെ പറഞ്ഞു എന്ന നിലയില്‍ നടത്തുന്ന പ്രചാരണം എന്നെ വളരെയധികം വേദനിപ്പിക്കുന്നു. ഞാന്‍ എന്റെ ജീവിതത്തില്‍ ഇന്നുവരെ സ്വീകരിച്ചതും പുലര്‍ത്തിയതുമായ മതനിരപേക്ഷമായ എന്റെ നിലപാടിനെ വൃണപ്പെടുത്തുന്നതാണ് ഇപ്പോള്‍ പ്രചാരണങ്ങള്‍. വസ്തുതാവിരുദ്ധമായ മതചിന്തകള്‍ക്കതീതമായി എല്ലാ മനുഷ്യരെയും ഒരുപോലെ ജാതി, മത വ്യത്യാസമില്ലാതെ സ്‌നേഹിക്കുകയും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എന്റെ പൊതുജീവിതത്തെ വര്‍ഗ്ഗീയതയുടെ ചേരിയില്‍ നിര്‍ത്തി ചോദ്യം ചെയ്യുന്നത് ഒരിക്കലും സഹിക്കാന്‍ കഴിയുന്ന കാര്യമല്ല. - സജി ചെറിയാന്‍ കുറിപ്പില്‍ വ്യക്തമാക്കി.
രാജ്യത്താകമാനം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ ആക്രമണം നടത്തുമ്പോള്‍ അതിനെതിരെ നിരന്തരം ശക്തമായി പ്രതികരിക്കുന്ന സിപിഐ(എം) പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കഴിഞ്ഞ 42 വര്‍ഷത്തെ എന്റെ പൊതുജീവിതം ഒരു വര്‍ഗ്ഗീയതയോടും സമരസപ്പെടല്ല പോയത്. ഇതിന്റെയെല്ലാം ഫലമായി ഒരുപാട് തിക്താനുഭവങ്ങള്‍ നേരിട്ടയാളുകൂടിയാണ് ഞാന്‍. അത് എന്റെ നാട്ടിലെ ജനങ്ങള്‍ക്കും എന്നെ അറിയുന്നവര്‍ക്കും അറിയാവുന്ന കാര്യമാണ്.
എന്റെ പ്രസ്താവന വളച്ചൊടിച്ചതാണെങ്കിലും ആ പ്രചാരണം എന്റെ സഹോദരങ്ങള്‍ക്ക് പ്രയാസവും വേദനയും ഉണ്ടാക്കിയതായി ഞാന്‍ മനസ്സിലാക്കുന്നു. ഞാന്‍ ബഹുമാനിക്കുന്ന ചില വ്യക്തികളും ആത്മീയ സംഘടനകളും ആത്മീയ നേതാക്കളും എന്നെ തെറ്റിദ്ധരിച്ചു എന്നതും എന്നെ വേദനിപ്പിക്കുന്നു. ഞാന്‍ പറഞ്ഞതില്‍ തെറ്റിദ്ധരിച്ച് എന്റെ ഉദ്ദേശ്യശുദ്ധിയെ മനസ്സിലാക്കാതെ ആര്‍ക്കെങ്കിലും ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഞാന്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കുന്നു. - സജി ചെറിയാന്‍ കുറിപ്പില്‍ വ്യക്തമാക്കി.

