സെയ്ഫ് അലിഖാനെ വീട്ടില്‍ കയറി കുത്തിയ സംഭവം: ഒരാള്‍ അറസ്റ്റില്‍; ഇതാണ് യഥാര്‍ത്ഥ പ്രതിയെന്ന് പോലിസ്
മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ കുത്തിയ യഥാര്‍ത്ഥ പ്രതിയെ പിടികൂടിയെന്ന് പോലിസ്. പൂനെയിലെ ലേബര്‍ ക്യാംപിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നാണ് മുഹമ്മദ് അലിയാന്‍ എന്ന പ്രതി ഇന്ന് പുലര്‍ച്ചെ പിടിയിലായതെന്ന് മുംബൈ പോലിസ് അറിയിച്ചതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. മുമ്പ് മുംബൈയിലെ ഒരു ബാറില്‍ ജോലി എടുത്തിരുന്ന ആളാണ് ഇയാളെന്നും മുംബൈ ക്രൈംബ്രാഞ്ച് അറിയിച്ചു. അറസ്റ്റിനെ കുറിച്ച് ഇന്ന് രാവിലെ ഒമ്പതു മണിക്ക് പോലിസ് വാര്‍ത്താസമ്മേളനം നടത്തും.
ശനിയാഴ്ച്ച ആകാശ് കൈലാശ് കന്നോജിയ എന്നയാളെ ജ്ഞാനേശ്വരി ട്രെയ്‌നില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. മുംബൈയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പോവുന്ന ജ്ഞാനേശ്വരി എക്‌സ്പ്രസിലെ ജനറല്‍ ബോഗിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഇയാളെ മുംബൈയില്‍ എത്തിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച മറ്റൊരാളെ പോലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍, അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
ബാന്ദ്രയിലെ ഹൈറൈസ് അപ്പാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ച് കയറിയ ആളുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ സെയ്ഫ് അലി ഖാന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. നടന്‍ അപകടനില പൂര്‍ണമായും തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നടന്റെ ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തില്‍ തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് ഇന്നലെ മാറ്റിയിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സ തുടരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.