തിരുപ്പതി ബുക്ക് ഫെസ്റ്റിവല്‍ തടസപ്പെടുത്തി ഹിന്ദുത്വര്‍; വ്യാപക പ്രതിഷേധം
തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി ബുക്ക് ഫെസ്റ്റിവല്‍ തടസപ്പെടുത്തി ഹിന്ദുത്വര്‍. 'ഖുര്‍ആന്‍ വിശകലനം' എന്ന പേരില്‍ ശര്‍മ എന്നയാള്‍ എഴുതിയ പുസ്തകവും പെരിയാര്‍ ഇ വി രാമസ്വാമി നായ്കറുടെയും രംഗനായകമ്മയുടെ പുസ്തകങ്ങളും പ്രദര്‍ശിപ്പിച്ചതിനെതിരെയാണ് ഹിന്ദുത്വര്‍ രംഗത്തെത്തിയത്. ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച് എത്തിയ ഹിന്ദുത്വര്‍ പുസ്തകങ്ങള്‍ കീറിയെറിയുകയും തീയിടുകയും ചെയ്തു. വിശാലാന്ധ്ര ബുക്ക്സ്റ്റാളിലായിരുന്നു സംഭവം.
അതേസമയം, ആക്രമണത്തില്‍ പ്രതിഷേധിച്ച് തിരുപ്പതി ബുക്ക് ലവേഴ്‌സ് ഫോറം രംഗത്തെത്തി.
നഗരത്തിലെ ജ്യോതി റാവു ഫൂലെ സര്‍ക്കളില്‍ അവര്‍ പ്രതിഷേധ പ്രകടനവും നടത്തി. പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ചിന്തകളുടെ ഒത്തുചേരലിനുള്ള സ്ഥലമാണ് പുസ്തകോത്സവമെന്നും ഏതൊക്കെ പുസ്തകങ്ങള്‍ വില്‍പ്പനയ്ക്ക് വയ്ക്കണമെന്ന് ഹിന്ദുത്വര്‍ തീരുമാനിക്കുന്നത് ശരിയല്ലെന്നും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് മധുരാന്തകം നരേന്ദ്ര പറഞ്ഞു. പ്രശസ്ത എഴുത്തുകാരായ ആര്‍ എം ഉമാമഹേശ്വര റാവു, എ രാഘവ, മൂരിസെറ്റി ഗോവിന്ദു, പേരൂര്‍ ബാലസുബ്രഹ്മണ്യം തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.
