ആശ്രമത്തില്‍ സാധ്വി പീഡനത്തിനിരയായി; പ്രതി ഒളിവില്‍; സഹായികളായ രണ്ട് സാധ്വിമാര്‍ അറസ്റ്റില്‍
ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ഗുരുകുല്‍ ശാന്തിധാം ആശ്രമത്തില്‍ സാധ്വി പീഡനത്തിന് ഇരയായെന്ന് പരാതി. സംഭവത്തില്‍ ഗോകുല്‍ എന്നയാളാണ് പ്രതിയെന്നും ഇയാള്‍ ഒളിവിലാണെന്നും കൗശാമ്പി പോലിസ് അറിയിച്ചു. ഗോകുലിനെ സഹായിച്ച സാധ്വി ദിവ്യ യോഗ് മായ സരസ്വതി, സാധ്വി രാധിക എന്ന ശബ്‌നം എന്നിവരെ അറസ്റ്റ് ചെയ്തതായി പോലിസ് പറഞ്ഞു. ശീതള പാനീയത്തില്‍ ലഹരി പദാര്‍ത്ഥം കലക്കി അബോധാവസ്ഥയിലാക്കി ബലാല്‍സംഗം ചെയ്‌തെന്നാണ് മേയ് എട്ടിന് നല്‍കിയ പരാതി പറയുന്നത്. പീഡനം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഗോകുല്‍ അസമില്‍ ഒളിവിലാണെന്നാണ് സൂചനയെന്ന് പോലിസ് പറഞ്ഞു.
അതേസമയം, കാന്‍സര്‍ ചികില്‍സക്ക് മരുന്ന് നല്‍കാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച ബാബ രൂപ് കിഷോര്‍ എന്ന കാന്തിവേശ് ബാബയെ ബുലന്ദ്ഷഹര്‍ പോലിസ് അറസ്റ്റ് ചെയ്തു.
