ശബരിമല യുവതിപ്രവേശനം: സര്‍ക്കാരും ദേവസ്വം ബോര്‍ഡും സുപ്രീംകോടതിയില്‍ ഇന്ന് നിലപാട് അറിയിക്കും
ന്യൂഡല്‍ഹി: ശബരിമല യുവതിപ്രവേശന കേസില്‍ സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സുപ്രീംകോടതിയില്‍ ഇന്ന് നിലപാട് അറിയിക്കും. യുവതി പ്രവേശനത്തെ എതിര്‍ത്തുള്ള സത്യവാങ്മൂലമാണ് സമര്‍പ്പിക്കുക എന്നാണ് വിവരം. കേസിലെ എല്ലാ കക്ഷികള്‍ക്കും സത്യവാങ്മൂലം സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. അടുത്ത മാസം ഏഴ് മുതലാണ് ഒമ്പതംഗ ബെഞ്ച് വാദം കേള്‍ക്കുക.
യുവതി പ്രവേശനത്തെ അനുകൂലിച്ച നിലപാട് തിരുത്താനാണ് സര്‍ക്കാര്‍ നീക്കം. ശബരിമലയില്‍ ആചാര സംരക്ഷണം വേണമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെടും. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളെ ഒപ്പം നിര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് മലക്കം മറിച്ചില്‍. 2018 സെപ്തംബര്‍ എട്ടിനായിരുന്നു യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധി. പുനപരിശോധന ഹര്‍ജികള്‍ വന്നപ്പോള്‍ സര്‍ക്കാര്‍ വിധിയെ അനുകൂലിച്ചിരുന്നു. നവോത്ഥാന സമിതിയും വനിതാമതിലുമായി യുവതീപ്രവേശത്തിനൊപ്പം നില്‍ക്കുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പിന്നാലെ സര്‍ക്കാരും നിലപാടില്‍ നിന്ന് മലക്കംമറിയുകയാണ്.