ശബരിമല തന്ത്രിയുടെ അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയെന്ന് സംശയമെന്ന് തന്ത്രി സമാജം
തിരുവനന്തപുരം: ശബരിമല സ്വര്‍ണകൊള്ളയില്‍ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ ഗൂഡാലോചനയെന്ന് സംശയിക്കുന്നതായി തന്ത്രി സമാജം. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം തന്ത്രിക്ക് അറസ്റ്റോ ജയില്‍ വാസമോ ഉണ്ടാകില്ലെന്നായിരുന്നു കരുതിയിരുന്നതെന്ന് തന്ത്രി സമാജം ജോയിന്റ് സെക്രട്ടറി സൂര്യന്‍ പരമേശ്വരന്‍ ഭട്ടതിരിപ്പാട് പറഞ്ഞു. എന്നാല്‍ തന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള പത്രവാര്‍ത്ത വന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ കസ്റ്റഡിയും അറസ്റ്റും നടന്നത് ചില പ്രത്യേക താല്പര്യങ്ങളുടെ ഭാഗമാണെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഒരു സാധാരണ പൗരന്‍ എന്ന നിലയില്‍ ഇതിന് പിന്നില്‍ വ്യക്തമായ ചില താല്പര്യങ്ങളുണ്ടെന്ന് മനസ്സിലാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്ത്രിയെ ഈ കേസില്‍ മനഃപൂര്‍വം പെടുത്തിയതാണെന്നും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും യാതൊരുവിധ വീഴ്ചകളും ഉണ്ടായിട്ടില്ലെന്നുമാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. അനുജ്ഞ നല്‍കിയതിന്റെ പേരിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെങ്കില്‍ കേരളത്തിലെ ഒട്ടുമുക്കാല്‍ തന്ത്രിമാരെയും ഇത്തരത്തില്‍ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് സൂര്യന്‍ പരമേശ്വരന്‍ ഭട്ടതിരിപ്പാട് ചൂണ്ടിക്കാട്ടി. ഏതെങ്കിലും തരത്തിലുള്ള തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഈ തന്ത്രി എന്നല്ല, ഏത് തന്ത്രി ആയാലും ശിക്ഷിക്കപ്പെടണമെന്ന നിലപാടാണ് തങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അറസ്റ്റിലായ തന്ത്രിക്ക് ആവശ്യമായ എല്ലാ പിന്തുണയും സമാജം നല്‍കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
