ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രിക്കെതിരേ ചുമത്തിയത് ജീവപര്യന്തം വരെ ലഭിക്കാവുന്ന വകുപ്പുകള്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘം ചുമത്തിയിരിക്കുന്നത് ഗുരുതര കുറ്റങ്ങള്‍. ഗൂഢാലോചനയ്ക്കും അഴിമതി നിരോധന നിയമത്തിനും പുറമേ വിശ്വാസവഞ്ചന, വസ്തുക്കളുടെ ദുരുപയോഗം, വ്യാജരേഖ നിര്‍മ്മാണത്തിന്റെ വിവിധ വകുപ്പുകള്‍ എന്നിവയാണ് ചുമത്തിയിട്ടുള്ളത്. ഇതില്‍ അധികാരി നടത്തുന്ന വിശ്വാസവഞ്ചന എന്ന കുറ്റവും വിലപ്പെട്ട രേഖകളുടെ വ്യാജ നിര്‍മ്മാണവും ജീവപര്യന്തം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ്.
2019 മേയില്‍ കട്ടിളപ്പാളികള്‍ ശബരിമല ശ്രീകോവില്‍ നിന്ന് ഇളക്കിക്കൊണ്ടു പോകുന്നതിന് തന്ത്രി മൗനാനുവാദവും ഒത്താശയും നല്‍കി എന്നാണ് പോലിസ് സംഘം ആരോപിക്കുന്നത്. കട്ടിള പാളികള്‍ ഇളക്കുന്ന സമയത്തും ഒരു മാസത്തിനു ശേഷം അവ തിരികെ സ്ഥാപിക്കുന്ന സമയത്തും കണ്ഠരര് രാജീവര്‍ സന്നിധാനത്ത് ഉണ്ടായിരുന്നുവെന്നും ആചാരലംഘനം നടക്കുന്നു എന്ന് ബോധ്യമായിട്ടും തടഞ്ഞില്ലെന്നും പോലിസ് ആരോപിക്കുന്നു. ഇത് ഉണ്ണികൃഷ്ണന്‍ പോറ്റിയും ആയിട്ടുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും വാദിക്കുന്നു. രണ്ടു പതിറ്റാണ്ടിന്റെ ൗഹൃദമാണ് തനിക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഉള്ളതെന്ന് തന്ത്രി വെളിപ്പെടുത്തിയിരുന്നു. തന്ത്രിയുടെ സഹായിയാണ് പോറ്റി ശബരിമലയിലേക്ക് എത്തിയത്. പിന്നീട് ഇടനിലക്കാരനായി നിന്ന് സ്വര്‍ണക്കൊള്ളയിലെത്തുകയായിരുന്നുവെന്നാണ് പോലിസ് ആരോപിക്കുന്നത്. അതേസമയം, കേസില്‍ അറസ്റ്റിലായ തന്ത്രിയെ തിരുവനന്തപുരം സ്‌പെഷല്‍ സബ്ജയിലിലാണ് എത്തിച്ചത്. കേസില്‍ തന്നെ കുടുക്കിയതാണെന്ന് തന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേസില്‍ പതിമൂന്നാം പ്രതിയാണ് കണ്ഠര് രാജീവര്.