മിന്‍സ്‌ക്: ബെലാറസില്‍ ആണവശേഷിയുള്ള ഒറെഷ്‌നിക് മിസൈല്‍ സംവിധാനം വിന്യസിച്ച് റഷ്യ. വലിയ യുദ്ധമുണ്ടാവുകയാണെങ്കില്‍ യൂറോപില്‍ എവിടെയും ആക്രമണം നടത്താന്‍ ഇത് റഷ്യയെ സഹായിക്കും. ശബ്ദത്തേക്കാള്‍ പത്ത് മടങ്ങ് വേഗത്തില്‍ സഞ്ചരിക്കുന്ന ഈ മിസൈലിനെ തടയാന്‍ നിലവിലെ പാശ്ചാത്യ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്കൊന്നും സാധിക്കില്ല. റഷ്യ സൈനിക ഓപ്പറേഷന്‍ നടത്തുന്ന യുക്രൈനുമായും നാറ്റോ സഖ്യകക്ഷികളായ പോളണ്ട്, ലിത്വാനിയ, ലാത്‌വിയ എന്നീ രാജ്യങ്ങളുമായും അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ബെലാറസ്. യുക്രൈന് ഈ രാജ്യങ്ങളെല്ലാം സൈനിക സഹായം നല്‍കുന്നുണ്ട്. അത് തടയുക കൂടിയാണ് മിസൈല്‍ വിന്യാസത്തിലൂടെ റഷ്യ ലക്ഷ്യമിടുന്നതെന്ന് വിലയിരുത്തപ്പെടുന്നു. ആണവ പോര്‍മുന ഉപയോഗിക്കാതെ തന്നെ മാരക പ്രഹരശേഷിയുള്ള ഈ മിസൈലുകള്‍ക്ക് 5,500 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാനാവും. യൂറോപിനെയും പടിഞ്ഞാറന്‍ യുഎസിനെയും ഈ മിസൈലുകള്‍ക്ക് തകര്‍ക്കാന്‍ കഴിയും.
ഇത്തരം കൂടുതല്‍ മിസൈലുകള്‍ വേണമെന്നാണ് ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോ റഷ്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നാറ്റോ സഖ്യത്തിന്റെ അക്രമങ്ങളെ തടയാന്‍ ഇത്തരം സംവിധാനങ്ങള്‍ വേണമെന്നാണ് ലുകാഷെങ്കോ പറയുന്നത്.