ആണവ എഞ്ചിനുള്ള മിസൈല്‍ പരീക്ഷിച്ച് റഷ്യ

Update: 2025-10-27 04:25 GMT

മോസ്‌കോ: ആണവ എഞ്ചിനുള്ള ദീര്‍ഘദൂര ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചെന്ന് റഷ്യ. 'ബുറെവെസ്നിക്' എന്നാണ് മിസൈലിന്റെ പേര്. ഏകദേശം 14,000 കിലോമീറ്റര്‍ ദൂരം മിസൈല്‍ സഞ്ചരിച്ചെന്നും അതില്‍ കൂടുതലാണ് മിസൈലിന്റെ പരിധിയെന്നും റഷ്യയുടെ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് വലേരി ഗെരാസിമോവ് പറഞ്ഞു.

വിക്ഷേപിച്ച ശേഷം 15 മണിക്കൂര്‍ സമയം മിസൈല്‍ വായുവില്‍ സഞ്ചരിച്ചെന്നും അദ്ദേഹം പറഞ്ഞു. മിസൈലിന് അകത്തുള്ള ചെറിയ ആണവ റിയാക്ടറാണ് വേണ്ട ഊര്‍ജം നല്‍കുക. പരമ്പരാഗത പോര്‍മുനകള്‍ക്കൊപ്പം ആണവ പോര്‍മുനകളും വഹിക്കാന്‍ ശേഷിയുള്ളതാണ് ബുറെവെസ്നിക്. അധികം ഉയരത്തില്‍ അല്ലാതെയും പറക്കാന്‍ കഴിയുന്ന ഈ മിസൈലിന് യുഎസിന്റെ താഡ് പോലുള്ള വ്യോമപ്രതിരോധ സംവിധാനങ്ങളെയും മറികടക്കാന്‍ സാധിക്കും. 2018ല്‍ ആരംഭിച്ച നിര്‍മാണം ഈ മാസമാണ് പൂര്‍ത്തിയായത്. ആദ്യം ഈ മിസൈലിനെ പരിഹസിച്ച പാശ്ചാത്യര്‍ ഇപ്പോള്‍ മിസൈലിനെ കുറിച്ച് ആശങ്കപ്പെടുന്നുണ്ട്.