ഗസയില്‍ ട്രംപിന്റെ 'ബോര്‍ഡ് ഓഫ് പീസ്' വേണ്ടെന്ന് റഷ്യയും ചൈനയും

Update: 2025-11-16 04:10 GMT

ന്യൂയോര്‍ക്ക്: ഗസയിലെ വെടിനിര്‍ത്തലിന്റെ ഭാഗമായി യുഎസ് ശുപാര്‍ശ ചെയ്ത 'ബോര്‍ഡ് ഓഫ് പീസ് വേണ്ടെന്ന് റഷ്യയും ചൈനയും. യുഎന്‍ സുരക്ഷാ സമിതിയില്‍ യുഎസ് അവതരിപ്പിച്ച പ്രമേയത്തില്‍ തിരുത്തല്‍ വേണമെന്നാണ് റഷ്യയും ചൈനയും ചില അറബ് രാജ്യങ്ങളും ആവശ്യപ്പെട്ടിരിക്കുന്നത്. യുഎന്‍ സുരക്ഷാ സമിതിയില്‍ റഷ്യക്കും ചൈനയ്ക്കും വീറ്റോ അധികാരമുള്ളതിനാല്‍ അവര്‍ എതിര്‍ത്താല്‍ യുഎസിന്റെ പ്രമേയം പാസാവില്ല.

നേരത്തെ യുഎസ് നല്‍കിയ കരട് പ്രമേയം റഷ്യയുടെയും ചൈനയുടെയും നിലപാട് മൂലം തിരുത്തേണ്ടി വന്നിരുന്നു. അതിന് പിന്നാലെ നല്‍കിയ കരടിലും ഇരുരാജ്യങ്ങളും എതിര്‍പ്പ് അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേതൃത്വം വഹിക്കുന്ന ബോര്‍ഡ് ഗസയില്‍ ഇടപെടുന്നത് കോളനിവല്‍ക്കരണത്തിന് തുല്യമാണെന്ന് ഇരുരാജ്യങ്ങളും ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഫലസ്തീന്‍ അതോറിറ്റിക്ക് ഗസയില്‍ അധികാരങ്ങളൊന്നും നല്‍കാത്തതിനെയും അവര്‍ ചോദ്യം ചെയ്യുന്നുണ്ട്. ഭാവിയിലെ ഫലസ്തീനി രാഷ്ട്രത്തിന്റെ കാര്യത്തില്‍ വ്യക്തത വേണം, ഇസ്രായേലി സൈന്യം എപ്പോള്‍ ഗസയില്‍ നിന്നും പൂര്‍ണമായി പിന്‍മാറുമെന്നതില്‍ വ്യക്തത വേണം തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍. ഗസയില്‍ വിന്യസിക്കുന്ന അന്താരാഷ്ട്ര സൈന്യം യുഎന്‍ സുരക്ഷാ സമിതിയില്‍ റിപോര്‍ട്ട് ചെയ്താല്‍ മതിയാവുമെന്നും അവര്‍ ആവശ്യപ്പെടുന്നു.