പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ പ്രവേശിച്ച സംഭവം: നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

Update: 2026-02-07 03:56 GMT

കൊച്ചി: അടൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ പ്രവേശിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. സംഭവം ആചാര ലംഘനമല്ലെന്ന് ചൂണ്ടികാട്ടിയാണ് ഹര്‍ജി തള്ളിയത്. ഓര്‍ത്തഡോക്‌സ് സഭ കടമ്പനാട് ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ അപ്രേമാണ് ക്ഷേത്രത്തില്‍ പ്രവേശിച്ചത്. തന്ത്രിയുടെ അനുമതിയോടെയുള്ള പ്രവേശനം ആചാര ലംഘനമല്ലെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജി തള്ളിയ ഹൈക്കോടതി നിര്‍ണായക നിര്‍ദേശങ്ങളും വാക്കാല്‍ പരാമര്‍ശിച്ചു. ക്ഷേത്രത്തിലെ അതിഥിയായാണ് സഖറിയാസ് മാര്‍ അപ്രേം എത്തിയത്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചതെന്നും കോടതി നിരീക്ഷിച്ചു. അതിഥികളെ ബഹുമാനിക്കുക എന്നത് ക്ഷേത്ര സംസ്‌കാരത്തിന്റെ ഭാഗമാണെന്നും 1965ലെ നിയമത്തില്‍ അഹിന്ദുക്കള്‍ക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ചട്ടങ്ങളില്‍ മാത്രമാണ് അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന് പറയുന്നത്.