വിവാഹം കഴിക്കാത്ത ആര്‍എസ്എസുകാര്‍ എന്തിന് കുട്ടികളുടെ എണ്ണത്തില്‍ അഭിപ്രായം പറയണം?: അസദുദ്ദീന്‍ ഉവൈസി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ദമ്പതിമാര്‍ക്ക് മൂന്ന് കുട്ടികള്‍ വീതം വേണമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗ്‌വതിന്റെ പ്രസ്താവനയെ പരിഹസിച്ച് എഐഎംഐഎം അധ്യക്ഷനും ലോക്സഭാംഗവുമായ അസദുദ്ദീന്‍ ഉവൈസി. മൂന്നു കുട്ടി സിദ്ധാന്തം വച്ച് ഇന്ത്യന്‍ സ്ത്രീകളെ ആര്‍എസ്എസ് പ്രയാസപ്പെടുത്തരുത്. ജനങ്ങളുടെ വ്യക്തിജീവിതത്തില്‍ ഇത്തരത്തിലുള്ള ഇടപെടലുകള്‍ ഒരിക്കലും ഉണ്ടാകരുത്.
'ജനസംഖ്യാനിയന്ത്രണം വേണമെന്ന് 2019ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി മോദി പറഞ്ഞത് ആര്‍എസ്എസുകാര്‍ വിസ്മരിക്കരുത്. മുസ്‌ലിംകള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതായി 2024ല്‍ രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ പ്രധാനമന്ത്രി ആരോപിച്ചതും മറക്കരുത്. ഇപ്പോള്‍ പൊടുന്നനെ കൂടുതല്‍ കുട്ടികള്‍ വേണമെന്ന് ഭഗ്‌വത് പറയുന്നല്ലോ, ജനങ്ങളുടെ ജീവിതത്തില്‍ ഇടപെടാന്‍ അയാള്‍ ആരാണ്? എത്ര കുട്ടികള്‍ വേണമെന്ന് ഒരു സ്ത്രീ അവരുടെ കുടുംബവുമായോ ഭര്‍ത്താവുമായോ ആലോചിച്ച് തീരുമാനിക്കേണ്ട കാര്യമാണ്. അവരെ എന്തിനാണ് ബുദ്ധിമുട്ടിയ്ക്കുന്നത്? ആര്‍എസ്എസിലെ ആളുകള്‍ വിവാഹം കഴിക്കാറില്ല. അതില്‍ പലരും ബ്രഹ്മചാരികളായി കഴിയുന്നു. അവരുടെ ജീവിതത്തെ കുറിച്ച് നമ്മള്‍ അഭിപ്രായം പറയാറില്ലല്ലോ. അവര്‍ ചെയ്യാത്ത കാര്യങ്ങളില്‍ അവരെന്തിനാണ് അഭിപ്രായം പറയുന്നത്?''-ഉവൈസി ചോദിച്ചു.