നവംബര്‍ രണ്ടിന് ചിറ്റാപൂരില്‍ മാര്‍ച്ച് നടത്തണമെന്ന് ആര്‍എസ്എസ് ഹൈക്കോടതിയില്‍; അന്ന് തന്നെ മാര്‍ച്ച് നടത്തണമെന്ന് മറ്റ് അഞ്ചുസംഘടനകളും ഹരജി നല്‍കി
കല്‍ബുര്‍ഗി: കര്‍ണാടക ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാര്‍ഗെയുടെ മണ്ഡലത്തില്‍ നവംബര്‍ രണ്ടിന് മാര്‍ച്ച് നടത്തണമെന്ന് ആര്‍എസ്എസ് ഹൈക്കോടതിയില്‍. എന്നാല്‍, അതേദിവസം തന്നെ തങ്ങള്‍ക്കും മാര്‍ച്ച് നടത്തണമെന്നാവശ്യപ്പെട്ട് ഭീം ആര്‍മിയും ദലിത് പാന്തേഴ്‌സും കുറുബ സമുദായവും കര്‍ണാടക സ്റ്റേറ്റ് ഫാര്‍മേഴ്‌സ് അസോസിയേഷനും ദി സ്‌റ്റേറ്റ് ക്രിസ്ത്യന്‍ വെല്‍ഫെയര്‍ സൊസൈറ്റിയും അടക്കം അഞ്ച് കക്ഷികളും ഹരജി നല്‍കി. തുടര്‍ന്ന് അപേക്ഷകളില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.
പ്രളയബാധിതര്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്നും സഹായം ലഭിക്കാത്തതില്‍ പ്രതിഷേധിക്കാനാണ് നവംബര്‍ രണ്ടിന് മാര്‍ച്ച് നടത്തുന്നതെന്ന് കര്‍ണാടക സ്റ്റേറ്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. നവംബര്‍ രണ്ട് ഞായറാഴ്ചയാണെന്നും അന്ന് സമാധാന പദയാത്ര നടത്താനാണ് തീരുമാനമെന്നും ദി സ്‌റ്റേറ്റ് ക്രിസ്ത്യന്‍ വെല്‍ഫെയര്‍ സൊസൈറ്റിയും അറിയിച്ചു. തങ്ങളുടെ പദയാത്ര ആര്‍എസ്എസിന് എതിരല്ലെന്നും സൊസൈറ്റി വ്യക്തമാക്കി.
ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഒക്ടോബര്‍ 19ന് ചിറ്റാപൂരില്‍ മാര്‍ച്ച് നടത്തുമെന്ന് ആര്‍എസ്എസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മാര്‍ച്ചിന് ജില്ലാഭരണകൂടം അനുമതി നിഷേധിച്ചു. അതിന് പിന്നാലെയാണ് ആര്‍എസ്എസ് ഹൈക്കോടതിയെ സമീപിച്ചത്. സോഷ്യല്‍ മീഡിയ പോസ്റ്റുകളുമായി ബന്ധപ്പെട്ട് ചിറ്റാപൂരില്‍ സംഘര്‍ഷാവസ്ഥയുണ്ടെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. എന്നാല്‍, തങ്ങളുടെ എതിരാളികളെ കൊണ്ട് സര്‍ക്കാര്‍ ഹരജികള്‍ നല്‍കിക്കുകയാണെന്ന് ആര്‍എസ്എസ് ആരോപിച്ചു. മൊത്തം എട്ടു സംഘടനകള്‍ റാലികള്‍ക്കായി അപേക്ഷകള്‍ നല്‍കിയിട്ടുണ്ടെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. ക്രമസമാധാന പ്രശ്‌നമുള്ളതിനാലാണ് അനുമതിയില്‍ തീരുമാനം വൈകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അങ്ങനെയുണ്ടെങ്കില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടു. ഇതാണ് ഹരജിക്കാരുടെ പ്രശ്‌നമെന്ന് അഡ്വക്കറ്റ് ജനറല്‍ തിരിച്ചടിച്ചു. പ്രദേശത്ത് സമാധാന കമ്മിറ്റി യോഗം ചേരുമെന്നും അഡ്വക്കറ്റ് ജനറല്‍ വ്യക്തമാക്കി. തുടര്‍ന്ന് സമാധാന കമ്മിറ്റിയുടെ റിപോര്‍ട്ട് അടക്കം ഒക്ടോബര്‍ 30ന് കേസ് പരിഗണിക്കാമെന്ന് കോടതി പറഞ്ഞു.
