മലപ്പുറം: ആലത്തിയൂര്‍ കുഞ്ഞിമോന്‍ ഹാജി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ഥികളെ കൊണ്ട് ആര്‍എസ്എസ്സിന്റെ ഗണഗീതം എന്ന ഗാനം പാടിച്ചു. ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനഘോഷത്തിലാണ് സംഭവം. എന്നാല്‍, കുട്ടികളാണ് പാട്ടുപാടിയതെന്നും അത് ക്രോസ് ചെക്ക് ചെയ്തിരുന്നില്ലെന്നും സ്‌കൂള്‍ അധികൃതര്‍ അവകാശപ്പെടുന്നു. ആയിരക്കണക്കിന് കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ കുട്ടികളെ കൊണ്ട് സംഘപരിവാര്‍ ഗണഗീതം പാടിച്ച സംഭവത്തില്‍ ഹെഡ്മാസ്റ്ററേയും പ്രിന്‍സിപ്പലിനേയും എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചു.
കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാമെന്ന് രേഖാമൂലം ഹെഡ്മാസ്റ്റര്‍ ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ഉപരോധം അവസാനിപ്പിച്ചു. ഉപരോധത്തിന് മണ്ഡലം സെക്രട്ടറി ഇ പി നാസര്‍ തൃപ്രങ്ങോട്, പഞ്ചായത്ത് സെക്രട്ടറി അഫ്സര്‍ അയാസ് കൈമലശ്ശേരി, കരീം നാളിശ്ശേരി, ഫായിസ് കാരത്തൂര്‍, ഫാറൂഖ് കൈമലശ്ശേരി നേതൃത്വം നല്‍കി.