''മുസ്‌ലിം പണ്ഡിതരുമായി'' ചര്‍ച്ച നടത്തി മോഹന്‍ ഭഗ്‌വത്

Update: 2025-07-24 12:11 GMT

ന്യൂഡല്‍ഹി: ഹിന്ദുക്കളും മുസ് ലിംകളും തമ്മില്‍ സൗഹാര്‍ദ്ദം വര്‍ധിപ്പിക്കാനെന്ന പേരില്‍ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗ്‌വതും 50 ''മുസ്‌ലിം പണ്ഡിതരും'' ചര്‍ച്ച നടത്തി. ഡല്‍ഹിയിലെ ഹരിയാന ഭവനില്‍ നടന്ന ചര്‍ച്ചകളില്‍ ഓള്‍ ഇന്ത്യാ ഇമാം ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയുടെ നേതാവ് ഉമര്‍ അഹമദ് ഇല്‍യാസി അടക്കമുള്ളവര്‍ പങ്കെടുത്തു. മറ്റുള്ളവരുടെ പേര് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹോസാബലെ, ജോയിന്റ് ജനറല്‍ സെക്രട്ടറി കൃഷ്ണ ഗോപാല്‍, രാംലാല്‍, ഇന്ദ്രേഷ് കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.

ആര്‍എസ്എസ് രൂപീകരിച്ച മുസ്‌ലിം രാഷ്ട്രീയ മഞ്ച് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. ഒരു രാജ്യം, ഒരു പതാക, ഒരു ദേശീയഗാനം എന്ന പ്രമേയത്തിലാണ് പരിപാടി നടന്നതെന്നാണ് വിവരം.

2022 സെപ്റ്റംബറിലും മോഹന്‍ ഭഗ്‌വത് ചില മുസ്‌ലിം സംഘടനാ നേതാക്കളെ കണ്ടിരുന്നു. ഗ്യാന്‍വാപി മസ്ജിദ് കേസ്, ഹിജാബ് നിരോധനം, ജനസംഖ്യാ നിയന്ത്രണം എന്നിവയായിരുന്നു അന്നത്തെ ചര്‍ച്ചാ വിഷയങ്ങള്‍. ഇന്ന് മുന്‍ ഇലക്ഷന്‍ കമ്മീഷണര്‍ എസ് വൈ ഖുറേഷി, ഡല്‍ഹി മുന്‍ ഗവര്‍ണര്‍ നജീബ് ജങ്, അലീഗഡ് സര്‍വകലാശാല മുന്‍ ചാന്‍സലര്‍ സമീറുദ്ദീന്‍ ഷാ, മുന്‍ എംപി ഷാഹിദ് സിദ്ദീഖി, ബിസിനസുകാരനായ സഈദ് ഷെര്‍വാണി തുടങ്ങിയവരാണ് പങ്കെടുത്തിരുന്നത്.പ്രചാരണത്തിന്റെ ഭാഗമായി ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ ഡല്‍ഹിയിലെ ഹസാറത്ത് നിസാമുദ്ദീന്‍ ദര്‍ഗയും സന്ദര്‍ശിച്ചിരുന്നു.


2022ല്‍ ഉമര്‍ അഹമദ് ഇല്‍യാസിയെ കണ്ട ശേഷം ഒരു പള്ളിയിലും മോഹന്‍ ഭഗ്‌വത് പോയി.