ആര്‍എസ്എസ് ശാഖയില്‍ പീഡനത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവം: കേസില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ഉള്‍പ്പെടുത്തും
തിരുവനന്തപുരം: ആര്‍എസ്എസ് ശാഖയില്‍ ലൈംഗികപീഡനത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്യമഹത്യാ പ്രേരണാക്കുറ്റം ചുമത്താന്‍ പോലിസ് തീരുമാനിച്ചു. കോട്ടയം സ്വദേശി അനന്തു അജി(24)യുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിനാണ് പോലിസ് ആദ്യം കേസെടുത്തത്. അന്വേഷണത്തിന് ശേഷമാണ് ആത്യമഹത്യാ പ്രേരണാക്കുറ്റം കൂടി ചുമത്താന്‍ തീരുമാനിച്ചത്. തുടരന്വേഷണത്തില്‍ ആവശ്യമുള്ള വകുപ്പുകള്‍ ചേര്‍ക്കും. ആത്മഹത്യ കുറിപ്പില്‍ ആര്‍എസ്എസ് നേതാവിനെതിരെ ആരോപണമുണ്ടായിരുന്നു.
അനന്തുവിന്റെ മരണത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന് സിപിഎമ്മും വയനാട് എംപി പ്രിയങ്കാ ഗാന്ധിയും ആവശ്യപ്പെട്ടിരുന്നു. ''ശാഖയില്‍ നടന്ന അതിക്രമങ്ങള്‍ തനിക്കെതിരെ മാത്രമല്ല എന്ന അനന്തുവിന്റെ വെളിപ്പെടുത്തല്‍ സത്യമെങ്കില്‍ ഞെട്ടിക്കുന്നതാണ്. രാജ്യത്ത് ലക്ഷക്കണക്കിന് യുവാക്കളും കുട്ടികളും ശാഖകളില്‍ പങ്കെടുക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ക്കെതിരെ എന്ന പോലെ തന്നെ ആണ്‍കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമവും വലിയ വിപത്താണ്. ഇത്തരം ക്രൂരമായ കുറ്റകൃത്യത്തില്‍ സംഘപരിവാര്‍ മൗനം വെടിയണം''- പ്രിയങ്ക ഗാന്ധി പറഞ്ഞു.
സംഭവത്തില്‍ കുറ്റക്കാരായ ആര്‍എസ്എസ് നേതാക്കളെയും പ്രവര്‍ത്തകരെയും പിടികൂടണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും ആവശ്യപ്പെട്ടിരുന്നു. ഡിവൈഎഫ്‌ഐ വാഴൂര്‍ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ഗൗതം ബാലചന്ദ്രന്‍ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്കു പരാതിയും നല്‍കി.
ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവച്ച ശേഷമായിരുന്നു അനന്തു ജീവനൊടുക്കിയത്. മരണശേഷം പുറത്തു വരുന്ന രീതിയില്‍ ഷെഡ്യൂള്‍ ചെയ്താണ് അനന്തു പോസ്റ്റിട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും സംഘടനയ്ക്കുമെതിരെയാണ് 15 പേജുകളിലായി അനന്തുവിന്റെ ആരോപണങ്ങള്‍. നാലു വയസ്സ് മുതല്‍ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം ഏല്‍ക്കേണ്ടിവന്നെന്നും ആര്‍എസ്എസ് ക്യാംപില്‍നിന്നാണ് ദുരനുഭവങ്ങള്‍ നേരിട്ടതെന്നും പോസ്റ്റില്‍ പറയുന്നു. ഇതോടെ കടുത്ത വിഷാദരോഗത്തില്‍ ആയി. അമ്മയെയും സഹോദരിയെയും ഓര്‍ത്താണ് ഇതുവരെ ഒന്നും ചെയ്യാതിരുന്നതെന്നും അനന്തു പറയുന്നു. അനന്തുവിന്റെ അച്ഛന്‍ അജി ജീവിച്ചിരിപ്പില്ല.
