സ്വന്തം വിവാഹത്തിനെത്തിയപ്പോള്‍ വധുവില്ല; പണവും പെണ്ണും നഷ്ടമായെന്ന് ഗോ സംരക്ഷകന്‍ ബിട്ടു ബജ്രംഗിയുടെ പരാതി
ലക്നൗ: സ്വയം പ്രഖ്യാപിത ഗോ സംരക്ഷകന്‍ ബിട്ടു ബജ്രംഗിയെ വിവാഹവാഗ്ദാനം നല്‍കി പറ്റിച്ചെന്ന് പരാതി. തന്റെ അയല്‍ക്കാരന്റെ ബന്ധുവായ ബണ്ടി പറ്റിച്ചെന്നാണ് പരാതി. വിവാഹത്തിന്റെ പേരില്‍ നല്‍കിയ 30,000 രൂപയും നഷ്ടപ്പെട്ടുവെന്നും പരാതിയിലുണ്ട്.
തനിക്ക് വിവാഹം കഴിക്കണമെന്ന് ബിട്ടു ബണ്ടിയെ അറിയിക്കുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. കാര്യം അറിഞ്ഞതോടെ അധികം വൈകാതെതന്നെ ബണ്ടി ബിട്ടുവിന് വധുവിനെ തിരയാനാരംഭിച്ചു. വധുവിനെ കണ്ടെത്തുന്നതിന്റെ ഭാഗമായി റാണി എന്ന യുവതിയെ ബിട്ടുവിന് പരിചയപ്പെടുത്തി നല്‍കുകയും ചെയ്തു. പിന്നീട് റാണിയും ബണ്ടിയും കൂടെ ബിട്ടുവുമായി നിരവധി പെണ്‍കുട്ടികളെ കണ്ടെങ്കിലും അവരെയൊന്നും ബിട്ടുവിന് ഇഷ്ടമായില്ല.
എന്നാല്‍ പിന്നീട് ഒരിക്കല്‍ ബിട്ടുവിന് ഇഷ്ടപ്പെട്ട ഒരു യുവതിയെ അവര്‍ കണ്ടെത്തി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വധുവും വധുവിന്റെ കുടുംബവുമൊത്ത് റാണിയും ബണ്ടിയും ബിട്ടുവിന്റെ വീട്ടിലെത്തി. ഫെബ്രുവരി ഏഴിന് വിവാഹം നിശ്ചയിക്കുകയും ചെയ്തു. വധുവിന് തുണിത്തരങ്ങള്‍ വാങ്ങാന്‍ 30,000 രൂപ നല്‍കുകയും ചെയ്തു. എന്നാല്‍ വിവാഹ വേദിയിലെത്തിയപ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ല.
വധുവിനെ വിളിച്ചെങ്കിലും തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു മറുപടി എന്നാണ് ബിട്ടു പരാതിയില്‍ പറയുന്നത്. കല്യാണ ഒരുക്കങ്ങളുടെ ഭാഗമായി 1.20 ലക്ഷം രൂപ ബിട്ടു റാണിക്കും ബണ്ടിക്കും നല്‍കേണ്ടതായിരുന്നു. ബിട്ടുവിന്റെ പരാതിയില്‍ നിലവില്‍ ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ഇരുവരും നിലവില്‍ ഒളിവിലാണ് എന്നാണ് വിവരം.
