പശുക്കളെ വാങ്ങാന്‍ ഒരു ലക്ഷം വായ്പയെടുത്തു; പലിശ കൂടി 74 ലക്ഷമായി, കര്‍ഷകനെ കൊണ്ട് വൃക്ക വില്‍പ്പിച്ചു

Update: 2025-12-16 12:31 GMT

മുംബൈ: പശുക്കളെ വാങ്ങാന്‍ ഒരു ലക്ഷം രൂപ വായ്പയെടുത്ത കര്‍ഷകന്‍ പലിശയടക്കം വായ്പാ തുക 74 ലക്ഷമായപ്പോള്‍ വൃക്ക വില്‍ക്കാന്‍ നിര്‍ബന്ധിതനായി. ചന്ദ്രാപൂര്‍ സ്വദേശിയായ സദാശിവ് കുഡെ എന്ന കര്‍ഷകനെയാണ് പലിശക്കാര്‍ കംബോഡിയയില്‍ കൊണ്ടുപോയി വൃക്ക വില്‍പ്പിച്ചതെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. കൃഷി നഷ്ടമായപ്പോഴാണ് പശുക്കളെ വാങ്ങി ഡയറി ബിസിനസ് തുടങ്ങാന്‍ സദാശിവ് കുഡെ തീരുമാനിച്ചത്. പലിശക്ക് പണം കടം നല്‍കുന്ന നിരവധി പേരില്‍ നിന്നായാണ് ഒരു ലക്ഷം രൂപ കണ്ടെത്തിയത്. അതിനാല്‍ തന്നെ ദിവസം പതിനായിരം രൂപയോളം പലിശ നല്‍കേണ്ട സ്ഥിതിയുണ്ടായി. പക്ഷേ, ഡയറി ബിസിനസ് തുടങ്ങുന്നതിന് മുമ്പ് തന്നെ പശുക്കള്‍ ചത്തു. പാടത്തെ കൃഷി ഉണങ്ങിപ്പോവുകയും ചെയ്തു. ഇതോടെ കൊള്ളപ്പലിശ സംഘം സദാശിവിനെയും കുടുംബത്തെയും വേട്ടയാടാന്‍ തുടങ്ങി. ഭൂമിയും ട്രാക്ടറും വീട്ടിലെ ഉപകരണങ്ങളും വിറ്റ് അല്‍പ്പം കടം വീട്ടി. പിന്നീട് പലിശക്കാര്‍ വീട്ടിലെത്തി വൃക്ക വില്‍ക്കാന്‍ നിര്‍ബന്ധിച്ചു. അവര്‍ കൊണ്ടുവന്ന ഏജന്റ് വഴി കൊല്‍ക്കത്തയില്‍ പരിശോധന നടത്തിയ ശേഷമാണ് കംബോഡിയയിലേക്ക് പോയത്. എട്ടുലക്ഷം രൂപയാണ് വൃക്കയ്ക്ക് ലഭിച്ചത്. പോലിസില്‍ പരാതി നല്‍കിയിട്ടും തനിക്ക് നീതി ലഭിച്ചില്ലെന്നും മുംബൈയില്‍ എത്തി സര്‍ക്കാര്‍ ആസ്ഥാനത്തിന് മുന്നില്‍ ആത്മഹത്യ ചെയ്യുമെന്നും അദ്ദേഹം ഭീഷണി മുഴക്കി. കിഷോര്‍ ഭവാന്‍കുലെ, മനീഷ് കാല്‍ബാന്ദെ, ലക്ഷ്മണ്‍ ഉര്‍കുഡെ, പ്രദീപ് ഭവാന്‍കുലെ, സഞ്ജയ് ബല്ലാര്‍പൂരെ, ലക്ഷ്മണ്‍ ബോര്‍കര്‍ എന്നിവരാണ് വട്ടിപലിശക്കാരെന്നും പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.