ഐആര്‍എസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ റെയ്ഡ് നടത്തി സിബിഐ; കോടി രൂപയുടെ കറന്‍സിയും 3.5 കിലോഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു

Update: 2025-06-02 16:24 GMT

ന്യൂഡല്‍ഹി: കൈക്കൂലി ക്കേസില്‍ അറസ്റ്റിലായ മുതിര്‍ന്ന ഐആര്‍എസ് ഉദ്യോഗസ്ഥന്‍ അമിത് കുമാര്‍ സിംഗാളിന്റെയും സഹായിയുടെയും വസതികളില്‍ നടത്തിയ റെയ്ഡില്‍ സിബിഐ കണ്ടെടുത്തത് വന്‍തോതില്‍ കറന്‍സിയും സ്വര്‍ണവും. ഏകദേശം ഒരു കോടി രൂപയുടെ നോട്ടുകള്‍, 3.5 കിലോഗ്രാം സ്വര്‍ണം, രണ്ട് കിലോഗ്രാം വെള്ളി തുടങ്ങിയവയാണ് കണ്ടെത്തിയത്.നികുതി വകുപ്പിലെ അഡിഷണല്‍ ഡയറക്ടര്‍ ജനറലായി പ്രവര്‍ത്തിച്ചിരുന്ന സിംഗാളിന്റെയും സഹായി ഹര്‍ഷ കോട്ടക്കിന്റെയും ഡല്‍ഹിയിലെയും പഞ്ചാബിലെയും വസതികളിലാണ് സിബിഐ റെയ്ഡ് നടത്തിയത്.

ഒരു പിസ്സ ശൃംഖല ഉടമയില്‍ നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനാണ് സിംഗാളിനെ അറസ്റ്റ് ചെയ്തത്. ലാ പിനോസ് പിസ്സയുടെ ഉടമയായ സനം കപൂറിന് നല്‍കിയ ആദായ നികുതി നോട്ടീസ് ഒത്തുതീര്‍പ്പാക്കാന്‍ 45 ലക്ഷം രൂപ കൈക്കൂലിയായി സിംഗാള്‍ ആവശ്യപ്പെട്ടതായി സിബിഐ പറയുന്നു.