ഹിജാബ് നിരോധനം;ആര്‍എസ്എസ് ഭാഷ്യങ്ങള്‍ക്ക് നിയമസാധുത നല്‍കുന്ന വിധി:റോയ് അറയ്ക്കല്‍

ആര്‍എസ്എസ്സിന് ഹിതകരമല്ലാത്തത് മറ്റുള്ളവര്‍ അനുഷ്ടിക്കാന്‍ പാടില്ലെന്ന് നീതിപീഠം വിധിയെഴുതുന്നത് രാജ്യം എത്തിപ്പെട്ടിരിക്കുന്ന അപകടത്തിന്റെ ആഴം വ്യക്തമാക്കുന്നു

Update: 2022-03-15 09:27 GMT

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശിരോവസ്ത്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹരജി തള്ളിയ കര്‍ണാടക ഹൈക്കോടതി വിധി ആര്‍എസ്എസ് ഭാഷ്യങ്ങള്‍ക്ക് നിയമസാധുത നല്‍കുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. കോടതി വിധി ഭരണഘടനാ വിരുദ്ധവും ദൗര്‍ഭാഗ്യകരവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ശിരോവസ്ത്ര നിരോധനം കേവലം മതപരമായ വിഷയമല്ല. അത് ഭരണഘന ഉറപ്പുനല്‍കുന്ന മൗലീകാവകാശങ്ങളുടെ ലംഘനമാണ്. ഇത് മതവിഷയമായി ലഘൂകരിക്കുന്നത് സംഘപരിവാര അജണ്ടയുടെ ഭാഗമാണ്. ആര്‍എസ്എസ്സിന്റെ വംശീയ അജണ്ട നടപ്പിലാക്കുന്നതിന് അവര്‍ക്കിഷ്ടമില്ലാത്തത് നിഷേധിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്നും, കേവലം മതപരമായ വിഷയം അല്ലാത്തതുകൊണ്ടാണ് ഇത് പൊതുസമൂഹം ഏറ്റെടുക്കുന്നതെന്നും റോയ് അറക്കല്‍ വ്യക്തമാക്കി.

മതസ്വാതന്ത്ര്യവും വിശ്വാസ സ്വാതന്ത്ര്യവും ഭരണഘടന പൗരന് ഉറപ്പുനല്‍കുന്നുണ്ട്. വിശ്വാസവും ആചാരവും അനുഷ്ഠാനങ്ങളുമൊക്കെ എങ്ങിനെയായിരിക്കണമെന്ന് മതവിശ്വാസികള്‍ അവരുടെ അടിസ്ഥാന പ്രമാണങ്ങളുടെ പിന്‍ബലത്തിലാണ് തീരുമാനിക്കുന്നത്. ആര്‍എസ്എസ്സിന് ഹിതകരമല്ലാത്തത് മറ്റുള്ളവര്‍ അനുഷ്ടിക്കാന്‍ പാടില്ലെന്ന് നീതിപീഠം വിധിയെഴുതുന്നത് രാജ്യം എത്തിപ്പെട്ടിരിക്കുന്ന അപകടത്തിന്റെ ആഴം വ്യക്തമാക്കുന്നു.പൗരത്വ നിഷേധമുള്‍പ്പെടെയുള്ള ഭീകരനിയമനിര്‍മാണത്തിലൂടെ രാജ്യത്തെ ഒരു വലിയ ജനവിഭാഗത്തെ അപരവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ വംശീയ ഉന്മൂലനത്തിന് കൂടുതല്‍ കരുത്ത് പകരാനേ ഈ വിധി ഉപകരിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭക്ഷണം, വസ്ത്രം, വിശ്വാസം തുടങ്ങിയ പൗരന്റെ മൗലീകാവകാശങ്ങളില്‍ പോലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കും. ഭരണഘടനയിലും നീതി നിര്‍വഹണ സംവിധാനങ്ങളിലുമുള്ള വിശ്വാസം നഷ്ടപ്പെടാന്‍ ഇത്തരം വിധികള്‍ ഇടയാക്കുമെന്നും,നീതിക്കുവേണ്ടിയുള്ള വിദ്യാര്‍ഥിനികളുടെ പോരാട്ടത്തിന് എല്ലാവിധ ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നതായും റോയ് അറയ്ക്കല്‍ വ്യക്തമാക്കി.

Tags:    

Similar News