'' അയല്‍ക്കാരന്റെ പൂവന്‍കോഴി പുലര്‍ച്ചെ കൂവുന്നത് മൂലം ഉറങ്ങാന്‍ സാധിക്കുന്നില്ലെന്ന് പരാതി'': കോഴിക്കൂട് മാറ്റാന്‍ ഉത്തരവിട്ട് ആര്‍ഡിഒ

Update: 2025-02-17 13:32 GMT

അടൂര്‍: അയല്‍ക്കാരന്റെ പൂവന്‍കോഴിയുടെ കൂവല്‍ മൂലം ഉറങ്ങാന്‍ കഴിയുന്നില്ലെന്ന പരാതിയില്‍ ഇടപെട്ട് ആര്‍ഡിഒ. പള്ളിക്കല്‍ കൊച്ചുതറയില്‍ അനില്‍ കുമാറിന്റെ വീടിന്റെ മുകള്‍നിലയില്‍ സ്ഥാപിച്ചിരിക്കുന്ന കോഴിക്കൂട്ടിലെ പൂവന്‍കോഴിയുടെ കൂവല്‍ ശല്യമാണെന്ന് ചൂണ്ടിക്കാട്ടി അടൂര്‍ പള്ളിക്കല്‍ വില്ലേജില്‍ ആലുംമൂട് പ്രണവത്തില്‍ രാധാകൃഷ്ണക്കുറുപ്പ് നല്‍കിയ പരാതിയാണ് അടൂര്‍ ആര്‍ഡിഒ ബി രാധാകൃഷ്ണന്‍ പരിഗണിച്ചത്. തുടര്‍ന്ന് രാധാകൃഷ്ണന്റെ ഉറക്കം തടസപ്പെടുത്തുന്ന കോഴിയുള്ള കൂട് അനില്‍ കുമാറിന്റെ വീടിന്റെ കിഴക്കുഭാഗത്തേക്ക് മാറ്റണമെന്ന് ആര്‍ഡിഒ ഉത്തരവിട്ടു. ഉത്തരവ് കൈപ്പറ്റി 14 ദിവസത്തിനുള്ളില്‍ നിര്‍ദേശം പാലിക്കണം.

പൂലര്‍ച്ചെ മൂന്നു മുതല്‍ അനില്‍കുമാറിന്റെ കോഴി കൂവുകയാണെന്നും ഇത് സൈ്വര്യജീവിതത്തിന് തടസമാണെന്നുമാണ് രാധാകൃഷ്ണക്കുറുപ്പിന്റെ പരാതി പറയുന്നത്. തുടര്‍ന്ന് ആര്‍ഡിഒയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം സ്ഥലവും കോഴിക്കൂടും പരിശോധിച്ചു. കെട്ടിടത്തിന്റെ മുകളില്‍ വളര്‍ത്തുന്ന കോഴികളുടെ കൂവല്‍ പ്രായമായതും രോഗാവസ്ഥയില്‍ കഴിയുന്നതുമായ പരാതിക്കാരന് രാത്രിയില്‍ സ്വസ്ഥമായി ഉറങ്ങുന്നതിന് തടസം ഉണ്ടാക്കുന്നതായി അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു. തുടര്‍ന്നാണ് അനുകൂലമായ വിധി നല്‍കിയത്.