രൂപേഷിന്റെ നോവല്‍ പ്രസിദ്ധീകരിക്കാന്‍ അനുവദിക്കണം: സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍
കോഴിക്കോട്: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന മാവോവാദി നേതാവ് രൂപേഷിന്റെ നോവല്‍ പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നോവല്‍ പ്രസിദ്ധീകരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന രൂപേഷിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രൂപേഷിന്റെ നോവലിന് പ്രസിദ്ധീകരണാനുമതി നല്‍കണമെന്നും സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നുമാണ് ആവശ്യം.
കെ സച്ചിദാനന്ദന്‍, ഡോ. ഖദീജ മുംതാസ്, കെ ഇ എന്‍ കുഞ്ഞഹമ്മദ്, മീന കന്ദസാമി, കെ അജിത, ഗ്രോ വാസു, കെ ടി റാംമോഹന്‍, എം എന്‍ രാവുണ്ണി, കെ മുരളി, അഡ്വ. പി എ പൗരന്‍, പി കെ പോക്കര്‍, കുസുമം ജോസഫ്, പ്രമോദ് പുഴങ്കര, പി കെ ഉസ്മാന്‍, സജീദ് ഖാലിദ്, റെനി ഐലിന്‍, പി എന്‍ പ്രൊവിന്റ്, എം എം ഖാന്‍, ജോളി ചിറയത്ത്, ഐ ഗോപിനാഥ്, ലാലി പി എം, എം കെ ദാസന്‍, എന്‍ കെ ഭൂപേഷ്,, ശ്രീജ നെയ്യാറ്റിന്‍കര, സുദേഷ് എം രഘു, അംബിക മറുവാക്ക്, അഡ്വ. തുഷാര്‍ നിര്‍മ്മല്‍ സാരഥി, പ്രതാപ് ജോസഫ്, ഗൗരി വയനാട് തുടങ്ങി നിരവധി പേരാണ് പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നത്.
'ബന്ധിതരുടെ ഓര്‍മ്മക്കുറിപ്പുകള്‍' എന്ന തന്റെ രണ്ടാമത്തെ നോവലിന്റെ പ്രസിദ്ധീകരണ അനുമതി ജയില്‍ അധികൃതര്‍ നിഷേധിച്ചതിനെ തുടര്‍ന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ മെയ് 22 മുതല്‍ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചിരുന്നു. നിരാഹാരത്തെ തുടര്‍ന്ന് രൂപേഷിന്റെ ആരോഗ്യം വളരെ മോശമായതിനാല്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാക്കിയിരിക്കുകയാണ്. ഇപ്പോള്‍ മഞ്ഞപ്പിത്തം ബാധിച്ചു രൂപേഷിന്റെ ആരോഗ്യനില ആശങ്കാജനകമായി തുടരുന്നു.