അഭയാര്‍ത്ഥി കാര്‍ഡുള്ള രോഹിങ്ഗ്യകളെ നാടുകടത്തിയതില്‍ ഇടപെടാതെ സുപ്രിംകോടതി

Update: 2025-05-08 15:12 GMT

ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി ഹൈക്കമ്മീഷന്റെ കാര്‍ഡുള്ള രോഹിങ്ഗ്യന്‍ അഭയാര്‍ഥികളെ നാടുകടത്തിയതില്‍ ഇടപെടാതെ സുപ്രിംകോടതി. ഇന്ന് ഹരജി പരിഗണിക്കാനിരിക്കെയാണ് ക്രിസ്ത്യാനികളും മുസ്‌ലിംകളും അടക്കം 19 പേരെ ഡല്‍ഹിയിലെ വികാസ്പുരി പോലിസ് പിടികൂടി നാടുകടത്തിയത്. പക്ഷേ, ഇക്കാര്യത്തില്‍ ഇടപെടാതെ കേസ് ജൂലൈ 31ലേക്ക് മാറ്റുകയാണ് ജസ്റ്റിസ് സൂര്യകാന്ത് സെന്‍ അധ്യക്ഷനായ ബെഞ്ച് ചെയ്തത്.

കഴിഞ്ഞ പത്തുവര്‍ഷമായി രാജ്യത്തുള്ളവരെയാണ് നാടുകടത്തിയതെന്ന് അവര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസും പ്രശാന്ത് ഭൂഷണും ചൂണ്ടിക്കാട്ടി. രോഹിങ്ഗ്യന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറല്ലെന്ന് മ്യാന്‍മാര്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ നേരത്തെ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെന്ന് പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഇന്ത്യ, ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി കണ്‍വെന്‍ഷനില്‍ പങ്കാളിയല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. തുടര്‍ന്നാണ് വിശദമായി വാദം കേള്‍ക്കാന്‍ കേസ് ജൂലൈ 31ലേക്ക് മാറ്റിയത്.