മ്യാന്‍മറില്‍ പോരാടാന്‍ തയ്യാറെടുത്ത് ബംഗ്ലാദേശ് അഭയാര്‍ത്ഥി കാംപിലെ രോഹിങ്ഗ്യന്‍ മുസ്‌ലിംകള്‍

രോഹിങ്ഗ്യ സോളിഡാരിറ്റി അസോസിയേഷന്‍, അരാകാന്‍ രോഹിങ്ഗ്യ സാല്‍വേഷന്‍ ആര്‍മി (ഹര്‍കത്തുല്‍ യാഖ്വിന്‍) എന്നിവരാണ് സൈനികപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്‌

Update: 2024-12-01 04:33 GMT

ധാക്ക: മ്യാന്‍മറിലെ സൈനികഭരണകൂടത്തെയും ബുദ്ധമത സൈന്യത്തെയും നേരിടാന്‍ ബംഗ്ലാദേശിലെ അഭയാര്‍ത്ഥി കാംപുകളിലെ രോഹിങ്ഗ്യന്‍ മുസ്‌ലിംകള്‍ തയ്യാറെടുക്കുന്നതായി റിപോര്‍ട്ട്. രോഹിങ്ഗ്യ സോളിഡാരിറ്റി അസോസിയേഷന്‍, അരാകാന്‍ രോഹിങ്ഗ്യ സാല്‍വേഷന്‍ ആര്‍മി (ഹര്‍കത്തുല്‍ യാഖ്വിന്‍) എന്നിവരാണ് സൈനികപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിലെ റിപോര്‍ട്ടുകള്‍ പറയുന്നു.

തോക്കുകളും മറ്റു ആയുധങ്ങളും ഉപയോഗിച്ച് 3,000ത്തിനും 5,000ത്തിനും ഇടയില്‍ വളണ്ടിയര്‍മാര്‍ പരിശീലനം നടത്തുന്നുണ്ടെന്നാണ് റിപോര്‍ട്ട്. രണ്ടു സംഘടനകള്‍ക്കും കോക്‌സ് ബസാറിലെ അഭയാര്‍ത്ഥി കാംപില്‍ വലിയ സ്വാധീനമുണ്ടെന്ന് ബംഗ്ലാദേശിലെ ജഹാംഗീര്‍നഗര്‍ സര്‍വകലാശാലയിലെ പ്രഫസറായ ഷഹാബ് ഇനാം ഖാന്‍ പറയുന്നു. രോഹിങ്ഗ്യകള്‍ക്ക് വേണ്ട ആയുധങ്ങളും സഹായങ്ങളും നല്‍കുന്നത് ബംഗ്ലാദേശ് സര്‍ക്കാരും സന്നദ്ധ സംഘടനകളുമാണെന്നാണ് റിപോര്‍ട്ട് പറയുന്നത്.

രോഹിങ്ഗ്യകളുടെ സായുധസമരത്തിന് ബംഗ്ലാദേശ് സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കണമെന്നാണ് സൈന്യത്തില്‍ നിന്ന് വിരമിച്ച ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് മന്‍സൂര്‍ ഖാദര്‍ ആവശ്യപ്പെടുന്നത്. ഇത് മ്യാന്‍മര്‍ സര്‍ക്കാരുമായും ബുദ്ധമത സൈന്യമായ അരകാന്‍ സൈന്യവുമായും തുല്യതയില്‍ നിന്ന് സംസാരിക്കാന്‍ രോഹിങ്ഗ്യകള്‍ക്ക് അവസരം നല്‍കും. സംസാരിച്ച് കരാറുണ്ടാക്കിയാല്‍ രോഹിങ്ഗ്യകള്‍ക്ക് അവരുടെ സ്വന്തം നാട്ടിലേക്ക സുരക്ഷിതമായി പോവാന്‍ സാധിക്കുമെന്നും ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് മന്‍സൂര്‍ ഖാദര്‍ പറഞ്ഞു. രോഹിങ്ഗ്യന്‍ മുസ്‌ലിംകള്‍ക്ക് ബംഗ്ലാദേശ് സര്‍ക്കാര്‍ മുമ്പ് ചില സഹായങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും അവ ഒന്നിനും തികയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

കോക്‌സ് ബസാറിലെ അഭയാര്‍ത്ഥി കാംപിന് സമീപത്തെ പുഴയുടെ അപ്പുറമാണ് മ്യാന്‍മര്‍. അവിടേക്ക് ബോട്ടില്‍ പോയി അരകാന്‍ സൈന്യവുമായി ഏറ്റുമുട്ടി തിരികെ വന്ന റഫീഖുമായും റോയിട്ടേഴ്‌സ് പ്രതിനിധി സംസാരിച്ചിരുന്നു. 2017ലാണ് റഫീഖ് മ്യാന്‍മറില്‍ നിന്ന് ബംഗ്ലാദേശിലെ അഭയാര്‍ത്ഥി കാംപിലെത്തിയത്.



                                                                                    രോഹിങ്ഗ്യന്‍ അഭയാര്‍ത്ഥി കാംപുകളും മ്യാന്‍മറും



                                                                                                                    RAFEEQ

 '' സ്വന്തം ഭൂമിയില്‍ തിരികെയെത്താന്‍ പോരാടിയേ മതിയാവൂ. കാലില്‍ വെടിയേറ്റതിനെ തുടര്‍ന്നാണ് ഞാന്‍ തിരിച്ചുവന്നത്.''-റഫീഖ് പറയുന്നു. 2016ല്‍ രോഹിങ്ഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരേ മ്യാന്‍മര്‍ സൈന്യം അതിക്രമം തുടങ്ങിയതോടെ പത്ത് ലക്ഷത്തില്‍ താഴെ രോഹിങ്ഗ്യന്‍ മുസ്‌ലിംകളാണ് രാജ്യം വിട്ടത്. ഇതില്‍ ഭൂരിപക്ഷം പേരും ബംഗ്ലാദേശിലേക്കാണ് എത്തിയത്. ഇതോടെ അരകാന്‍ സൈന്യം ഈ പ്രദേശങ്ങളില്‍ താമസമാക്കി. ഇപ്പോള്‍ രഖയ്ന്‍ സംസ്ഥാനത്തിന്റെ പത്തില്‍ എട്ട് ഭാഗവും അവരുടെ നിയന്ത്രണത്തിലാണ്. രാജ്യത്തിന്റെ നിയന്ത്രണത്തിനായി അരകാന്‍ സൈന്യം ഇപ്പോള്‍ മ്യാന്‍മര്‍ സൈന്യവുമായും ഏറ്റുമുട്ടുന്നുണ്ട്. ഇരു വിഭാഗങ്ങളുമായും ഏറ്റുമുട്ടേണ്ടി വരുമെന്നാണ് രോഹിങ്ഗ്യന്‍ മുസ്‌ലിംകളുടെ നിലപാടെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.